ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്; ദമ്പതികൾ വയനാട്ടിലേക്ക് പുറപ്പെട്ടു

മരുന്നും ഭക്ഷണവും വസ്ത്രങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജില്ലാ ഭരണകൂടങ്ങള്‍ വഴി വയനാട്ടിലേക്കെത്തുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു പോസ്റ്റ് വ്യത്യസ്ത വാഗ്ദാനവുമായിട്ടായിരുന്നു. ഇടുക്കി ഉപ്പുതറ സ്വദേശി സജിന്‍ പാറേക്കരയുടേതായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ കൈയടി നേടിയ പോസ്റ്റ്.കുഞ്ഞുമക്കള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’-ഇതായിരുന്നു അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ പോസ്റ്റ്.

സജിന്റെ ഭാര്യ ഭാവനയുടെ തീരുമാനപ്രകാരം സജിന്‍ പങ്കുവച്ചതായിരുന്നു ഇത്. മുലപ്പാല്‍ നല്‍കാനുള്ള ദമ്പതികളുടെ തീരുമാനത്തിന് ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സജിന് വയനാട്ടില്‍ നിന്ന് വിളിയെത്തിയത്. എത്രയും വേഗം വയനാട്ടിലേക്കെത്തണമെന്നായിരുന്നു സജിന് ലഭിച്ച നിര്‍ദ്ദേശം. പിന്നെ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല ദമ്പതികള്‍ക്ക്.നാല് വയസും നാല് മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുമായി ദമ്പതികള്‍ വയനാട്ടിലേക്ക് വണ്ടി കയറി. എത്രയും വേഗം എത്തണമെന്ന അറിയിപ്പ് ലഭിച്ചതോടെ കഴിഞ്ഞ രാത്രി തന്നെ കുട്ടികളുമായി ഇരുവരും ഉപജീവന മാര്‍ഗ്ഗമായ പിക്ക് അപ്പില്‍ യാത്ര തിരിച്ചു.

ദുരന്ത ബാധിതരായ നിരവധി കുട്ടികള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന ചിന്തയാണ് ഭാവനയെ ഇതിന് പ്രേരിപ്പിച്ചത്. തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.താന്‍ രണ്ട് കുട്ടികളുടെ മാതാവാണെന്നും അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാമെന്നും ഭാവന പറയുന്നു. ഭാവനയുടെ ചിന്തയ്ക്ക് ഭര്‍ത്താവ് സജിന്‍ പിന്തുണ നല്‍കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *