ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍ പൊട്ടലില്‍ മരണസംഖ്യ 282 ആയി ഉയര്‍ന്നു

ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍ പൊട്ടലില്‍ മരണസംഖ്യ 282 ആയി ഉയര്‍ന്നു. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദുരന്തഭൂമിയില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. മൂന്നാം ദിവസം ക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കുന്നുണ്ട്.മുണ്ടക്കൈയില്‍ നിലവില്‍ പതിനഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്.

കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. രക്ഷാദൗത്യം കൂടുതല്‍ വേഗത്തിലാക്കാന്‍ ദുരന്ത മുഖത്തേയ്ക്ക് കൂടുതല്‍ യന്ത്രങ്ങളെത്തിക്കും. കൂടുതല്‍ കട്ടിംഗ് മെഷീനുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉടന്‍ വയനാട്ടിലേക്ക് എത്തിക്കും.കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ യന്ത്ര സഹായത്തോടെ മാത്രമേ നിലവില്‍ കണ്ടെത്താന്‍ സാധിക്കൂ.

മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താന്‍ പരിശീലനം നേടിയ നായകളെയും തിരിച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ബെയ്ലി പാലവും ഇതോടപ്പം ഒരു നടപ്പാതയും ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് സൈന്യം വ്യക്തമാക്കി.പ്രദേശത്ത് ഇന്ന് മഴ കുറഞ്ഞതും പുഴയിലെ ഒഴുക്ക് നേരിയ തോതില്‍ ശമിച്ചതും രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നുണ്ട്. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനം ഏറെ അപകടം നിറഞ്ഞതാണ്. അപകടം മുന്നില്‍കണ്ട് ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ ദൗത്യത്തില്‍ തുടരുന്നത്. നിലവില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8302 പേരുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *