
ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി 92 കോളനിയിലാണ് അരിക്കൊമ്പന്റെ ആക്രമണമുണ്ടായത്. ആന വീട് തകര്‍ക്കുകയായിരുന്നു.
ഈ സമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്ന ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.

ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. 92 കോളനിയിലെ ലീലയുടെ വീടാണ് അരിക്കൊമ്പന് ആക്രമിച്ചത്. കാട്ടാനയെ കണ്ട ലീലയും മകളും കൊച്ചുമകളും കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അടുക്കളില്‍ സൂക്ഷിച്ചിരുന്ന അരിച്ചാക്ക് മുറ്റത്ത് പൊട്ടിച്ച് വിതറിയിട്ട നിലയിലാണ്.
ഇത് രണ്ടാം തവണയാണ് ലീലയുടെ വീട് കാട്ടാന ആക്രമിക്കുന്നത്. അതേസമയം, ഇടുക്കിയിലെ ചിന്നക്കനാലില്‍ ജനവാസമേഖലയിലിറങ്ങുന്ന അരിക്കൊമ്പനെന്ന കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ എതിര്‍പ്പുണ്ടെന്നും ഇക്കാര്യം ഉന്നയിക്കാന്‍ അനുവദിക്കണമെന്നും നെന്മാറ എം.എല്‍.എ. കെ. ബാബുവിന്റെ അഭിഭാഷകന് സുറിന് ജോര്‍ജ് ഐപ്പ് ആവശ്യപ്പെട്ടു.
