
ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ ചരിത്രമെഴുതി മലയാളി നാവികന് അഭിലാഷ് ടോമി രണ്ടാമതായി ഫിനീഷ് ചെയ്തു. ഗോള്‍ഡന്‍ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി.
ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് അഭിലാഷിന് ഫിനീഷ് ചെയ്യാന്‍ വേണ്ടിവന്നത്. 48,000 കിലോമീറ്റര്‍ സഞ്ചരിച്ചു.ദക്ഷിണാഫ്രിക്കന്‍ വനിത കിഴ്സ്റ്റന് നോയിഷെയ്ഫര്‍ ഒന്നാമതായി ഫിനിഷ് ചെയ്തിരുന്നു.

ഇന്ത്യന്‍ സമയം വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് മുപ്പത്തൊമ്പതുകാരി കിഴ്സ്റ്റന്റെ വഞ്ചിയായ മിനേഹാഹ തീരമണഞ്ഞത്. ഗോള്‍ഡന്‍ ഗ്ലോബ് റേസ് ഫിനിഷ് ചെയ്യുന്ന ആദ്യ വനിതയാണ് കിഴ്സ്റ്റന്.235 ദിവസങ്ങളെടുത്താണ് കിഴ്സ്റ്റന് ഫിനിഷ് ചെയ്തത്. മത്സരത്തില്‍ അവശേഷിക്കുന്ന ഏകയാളായ ഓസ്ട്രിയന്‍ നാവികന് മൈക്കല്‍ ഗുഗന്‍ബര്‍ഗര്‍ വളരെ പിന്നിലാണ്. ഇദ്ദേഹം ഫിനിഷ് ചെയ്യാന്‍ 15 ദിവസത്തിലേറെ എടുത്തേക്കും.
