
അധിനിവിഷ്ട ഗൊലാൻ കുന്നുകളിലെ റോക്കറ്റ് ആക്രമണത്തില്‍ ലബനാനു നേരെ തിരിച്ചടിക്കൊരുങ്ങി ഇസ്രായേല്‍. പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ അധ്യക്ഷതയില്‍ ചേർന്ന ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭാ യോഗം പ്രത്യാക്രമണം ചർച്ചചെയ്തു.
ഇസ്രായേല്‍ നിയന്ത്രിത ഗൊലാൻ കുന്നില്‍ മജ്ദല്‍ ഷംസിലെ ഡ്രൂസ് ടൗണില്‍ ശനിയാഴ്ച വൈകീട്ട് ഫുട്ബാള്‍ കളിക്കുന്നതിനിടെ നടന്ന റോക്കറ്റാക്രമണത്തിലാണ് 12 കുട്ടികള്‍ കൊല്ലപ്പെട്ടത്. അറബി സംസാരിക്കുന്ന ഡ്രൂസ് മത വംശീയവിഭാഗം താമസിക്കുന്ന ഗ്രാമമാണ് മജ്ദല്‍ ഷംസ്.

സിവിലിയൻ കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയെന്നാരോപിച്ചാണ് ഹിസ്ബുല്ലക്കും ലബനാനും എതിരെ ഇസ്രായേലിന്‍റെ പടയൊരുക്കം. എന്നാല്‍ മജ്ദല്‍ ഷംസിനു നേർക്ക് തങ്ങള്‍ റോക്കറ്റ് അയച്ചില്ലെന്ന് ഹിസ്ബുല്ല നേതൃത്വം ആവർത്തിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ലബനാൻ സർക്കാറും ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി തീ കൊണ്ടായിരിക്കുമെന്ന് മന്ത്രി ബെൻ ഗവിർ പറഞ്ഞു. ശക്തമായ പ്രത്യാക്രമണം ഉറപ്പാണെന്ന് സൈനിക നേതൃത്വവും മുന്നറിയിപ്പ് നല്‍കി.
അമേരിക്കൻ പര്യടനം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ നെതന്യാഹുവിന്‍റെ അധ്യക്ഷതയില്‍ മിനി സുരക്ഷാ മന്ത്രിസഭ യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രത്യാക്രമണത്തിന്‍റെ സമയവും സ്ഥലവും തീരുമാനിക്കാൻ യോഗം നെതന്യാഹുവിനെയും പ്രതിരോധമന്ത്രി യോവ് ഗാലൻറിനെയും ചുമതലപ്പെടുത്തി.
വ്യാപക യുദ്ധം ഒഴിവാക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ചതായി അമേരിക്ക വ്യക്തമാക്കി. അതേസമയം, ഇസ്രായേല്‍ സുരക്ഷ പ്രധാനമാണെന്നും യു.എസ് നേതൃത്വം വ്യക്തമാക്കി. ആപല്‍ക്കരമായ മേഖലായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് എന്തു വിലകൊടുത്തും തടയണമെന്ന് യു.എൻ സെക്രട്ടറി ജനറല്‍ ആൻറണിയോ ഗുട്ടറസ് പറഞ്ഞു. പുതിയ സംഭവവികാസങ്ങളില്‍ യൂറോപ്യൻ യൂനിയനും ആശങ്ക പ്രകടിപ്പിച്ചു. ലബനാനെ അക്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി.
പുതിയ ഉപാധികള്‍ മുന്നോട്ടുവെച്ച് വെടിനിർത്തല്‍ ചർച്ച അട്ടിമറിക്കാനുള്ള നീക്കം നെതന്യാഹു തുടരുകയാണ്. ജീവിച്ചിരിക്കുന്ന ബന്ദികളുടെ വിവരം ഹമാസ് കൈമാറണം എന്ന ഉപാധിയാണ് പുതുതായി നെതന്യാഹു മുന്നോട്ടുവെച്ചതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഇറ്റലിയിലെ റോമില്‍ ഇസ്രായേല്‍ സംഘവും മധ്യസ്ഥ രാജ്യങ്ങളും യോഗം ചേർന്നെങ്കിലും തീരുമാനമൊന്നും ആയില്ല. മൊസാദ് തലവൻ ഡേവിഡ് ബാർണിയയുടെ നേതൃത്വത്തില്‍ ആയിരുന്നു റോം ചർച്ച.
സി.ഐ.എ ഡയറക്ടർ വില്യം ബേണ്‍സ്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്‍റഹ്മാൻ ബിൻ ജാസിം അല്‍ഥാനി, ഈജിപ്ത് ഇന്റലിജൻസ് മേധാവി അബ്ബാസ് കമാല്‍ എന്നിവരാണ് ചർച്ചയില്‍ പങ്കെടുത്തത്.
അതിനിടെ, ഗസ്സയിലുടനീളം ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുകയാണ്. 66 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഒഴിഞ്ഞു പോകാൻ സൈന്യം ആവശ്യപ്പെട്ടതോടെ പതിനായിരങ്ങളാണ് വീണ്ടും ദുരിതത്തിലായത്.
