ഗുജറാത്തില്‍ അപൂര്‍വ വൈറസ് ബാധ; കുട്ടികള്‍ ഉള്‍പ്പടെ 8 പേര്‍ മരിച്ചു

ഗുജറാത്തില്‍ അപൂര്‍വ വൈറസ് ബാധയായ ചന്ദിപുര വൈറസ് പിടിപെട്ട് കുട്ടികള്‍ ഉള്‍പ്പടെ 8 പേര്‍ മരിച്ചു. ഒരാഴ്ചക്കിടെയാണ് 8 മരണം സ്ഥിരീകരിച്ചത്. മരിച്ചവരില്‍ 6 കുട്ടികളുണ്ട്.

വൈറസ് ബാധയേറ്റ് 15 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. രാജസ്ഥാനില്‍ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശില്‍ നിന്ന് ഒരാളും ചികിത്സ തേടിയതായി ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു. ഗുജറാത്തില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി. വൈറസിനെക്കുറിച്ചു പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞയാഴ്ച സബര്‍കാന്ത ജില്ലയിലെ ഹിമത്നഗറിലെ സിവില്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധരാണ് രോഗവ്യാപനം കണ്ടെത്തിയത്. ചന്ദിപുര വൈറസാണ് നാല് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് ശിശുരോഗ വിദഗ്ധര്‍ തിരിച്ചറിഞ്ഞതോടെയാണ് രോഗ വ്യാപനത്തില്‍ ആശങ്കയുണ്ടാക്കാന്‍ തുടങ്ങിയത്. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. ഇതിന് ശേഷം സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന നാല് കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശക്തമായ പനി, മസ്തിഷ്‌കജ്വരം എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങള്‍. കൊതുകുകള്‍, ഈച്ചകള്‍ എന്നിവയാണ് രോഗം പരത്തുന്നത്. ചന്ദിപുര വൈറസിന് പ്രത്യേക ചികിത്സയില്ല. എന്നാല്‍ നേരത്തെയുള്ള കണ്ടെത്തല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, രോഗലക്ഷണ പരിചരണം എന്നിവ മരണം തടയാന്‍ സാധിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *