വെടിനിർത്തല്‍ ചർച്ച ആരംഭിക്കാനിരിക്കെ, ഗസ്സ സിറ്റിയില്‍ നിന്ന് മുഴുവൻ ഫലസ്തീനികളോടും ഒഴിഞ്ഞു പോകണമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍ സൈന്യം.ഇസ്രായേലിന്‍റെ തന്ത്രം മാത്രമാണ് ഒഴിഞ്ഞുപോകല്‍ ഭീഷണിയെന്ന് ഹമാസ് തിരിച്ചടിച്ചു. അതിനിടെ ഇന്ന് ഇസ്രായേല്‍ മിനി മന്ത്രിസഭാ യോഗം ചേരും.
കെയ്റോയിലും ദോഹയിലുമായി വെടിനിർത്തല്‍ ചർച്ചകള്‍ പുരോഗമിക്കുമ്ബോഴും ഫലസ്തീനില്‍ ഇസ്രായേല്‍ കൂട്ടക്കൊല തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം ഗസ്സയില്‍ 54 പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ ദെയ്ർ അല്‍-ബലാഹില്‍ ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ച ‘സുരക്ഷിത മേഖല’ ഉള്‍പ്പെട്ട അഭയാർഥി ക്യാമ്ബുകളിലായിരുന്നു ബോംബുവർഷം നടത്തിയത്.
വ്യോമാക്രമണത്തില്‍ നുസൈറാത്ത് അഭയാർഥി ക്യാമ്ബിലെ മൂന്ന് വീടുകള്‍ തകർന്ന് അഞ്ച് കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു. മുഴുവൻ പേരും ഗസ്സ സിറ്റിയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് സൈന്യം ലഘുലേഖകള്‍ വിതരണം ചെയ്തു.
കൂടുതല്‍ വ്യാപ്തിയുളള ആക്രമണത്തിന് മുന്നോടിയായാണ് ജനങ്ങളോട് ഒഴിഞ്ഞു പോകാനുള്ള ആഹ്വാനമെന്ന് സൈന്യം വ്യക്തമാക്കി. എന്നാല്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന മനശാസ്ത്ര യുദ്ധത്തിന്‍റെ ഭാഗമാണിതെന്നും ആരും ഒഴിഞ്ഞു പോകേണ്ടതില്ലെന്നും ഹമാസ് പ്രതികരണം നടത്തി.
ഒമ്ബത് മാസത്തിനിടെ, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 38,200തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 88,000ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ധന കാമം കാരണം ഗസ്സയില്‍ ഒരു ആശുപത്രിയുടെ കൂടി പ്രവർത്തനം നിലച്ചു.