കേരള സര്‍വകലാശാല സെനറ്റിലേയ്ക്കുള്ള ചാന്‍സലറുടെ നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ചാന്‍സലറുടെ ഓഫീസ് ഇക്കാര്യം വിശദീകരിക്കണമെന്നും ഹൈക്കോടതി. സെനറ്റിലേക്ക് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജിയില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളും ഹര്‍ജിയില്‍ മറുപടി നല്‍കണം. ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഈ മാസം 23ന് വീണ്ടും പരിഗണിക്കും. നാല് പേരെയാണ് കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ത്ഥി മണ്ഡലത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്യേണ്ടത്.
നിലവില്‍ ചാന്‍സലര്‍ നാമനിര്‍ദ്ദേശം ചെയ്തത് കുറഞ്ഞ യോഗ്യതയുള്ളവരെയാണ് എന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആക്ഷേപം. ഉയര്‍ന്ന യോഗ്യതയുള്ളവരും പഠനത്തിലും കലാ കായിക മേഖലകളിലും ഉന്നത നിലവാരം പുലര്‍ത്തുന്നവരുമായ ഹര്‍ജിക്കാരെ തഴഞ്ഞാണ് ചാന്‍സലറുടെ തീരുമാനമെന്നാണ് വാദം. ഹര്‍ജിക്കാരായ അരുണിമ അശോകും നന്ദകിഷോറും സര്‍വകലാശാല ചാന്‍സലര്‍ക്ക് നല്‍കിയ പട്ടികയിലുണ്ടായിരുന്നു. സമാനമായ സെനറ്റ് നാമനിര്‍ദ്ദേശം നേരത്തെ ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചായിരുന്നു അന്ന് ഹൈക്കോടതിയുടെ നടപടി.