
ഗവര്‍ണര്‍ക്കെതിരെ തുറന്ന പോരിലേക്ക് കടക്കാനൊരുങ്ങി തമിഴ്നാട്, കേരള മുഖ്യമന്ത്രിമാര്‍. എം കെ സ്റ്റാലിന് അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അറിയിച്ചു. തമിഴ്നാട് നിയമസഭ പാസാക്കിയത് പോലെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് എം കെ സ്റ്റാലിന് പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു.
ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ ഒപ്പിടുന്നില്ലെന്നും നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനാവശ്യമായി തടഞ്ഞുവയ്ക്കുന്നുവെന്നുമാണ് വിമശനം.ബില്ലുകള്‍ പാസാക്കാത്ത നടപടിയെ വിമര്‍ശിച്ച സ്റ്റാലിന് ഗവര്‍ണര്‍മാര്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടു.

എം കെ സ്റ്റാലിന്റെ നിര്‍ദേശം ഗൗരവമായി പരിഗണിക്കുകയാണ് സര്‍ക്കാര്‍. ഗവര്‍ണര്‍ വിഷയത്തില്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് സ്റ്റാലിന് പിണറായി വിജയന് അയച്ച കത്തിന് മറുപടിയായാണ് കേരളത്തിലെ സാഹചര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.
പല സംസ്ഥാനങ്ങളും ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാത്തതുകാരണം പ്രതിസന്ധിയിലാണ്. കേരളത്തില്‍ ഏറെക്കാലമായി സഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഗവര്‍ണറെ നേരില്‍ കണ്ടിട്ടും നടപടിയായിട്ടില്ല.
