
ബെംഗളൂരു: സ്ഥാനാർഥി നിർണയത്തിലെ ഭിന്നതക്കിടെ കർണാടകയിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തുവിട്ട് ബിജെപി. 23 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിയ നാഗരാജ് ചബ്ബി കൽഗഡ്‌ഗിയിൽ നിന്ന് ജനവിധി തേടും. കോലാറിൽ നിന്ന് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള അശ്വിനി സംപഗിയാണ്. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ മത്സരിക്കാൻ ആഗ്രഹിക്കുന്ന ഹൂബ്ലി ധാർവാഡ് സെന്ററിലെ സ്ഥാനാർഥി ആരെന്ന് ബിജെപി പട്ടികയിലില്ല.
23 പേരുടെ ലിസ്റ്റിൽ 7 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല. കൽഗഡ്‌ഗി സീറ്റാണ് ഇതിൽ ഏറ്റവും ചർച്ചയായത്. കോൺഗ്രസിൽ വലിയ തർക്കങ്ങളുണ്ടായ സ്ഥലം കൂടിയാണിത്. മുൻമന്ത്രി സന്തോഷ് ലാലിന് കോൺഗ്രസ് സീറ്റ് നൽകിയപ്പോൾ ആ സീറ്റിന് വേണ്ടി വാദിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവ് നാഗരാജ് ചബ്ബി വിമതനായി നിൽക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം അമിത് ഷാ ഉൾപ്പടെയുള്ള നേതാക്കളെ കണ്ട ചബ്ബി ബിജെപി അംഗത്വം സ്വീകരിക്കുകയാണുണ്ടായത്. കൽഗഡ്‌ഗിയിലെ മത്സരം ഇതോടെ കടുക്കുമെന്നാണ് സൂചന.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുളള ബി.ജെ.പി സ്ഥാനാർഥി പട്ടിക ഇനിയും വൈകിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത തുടരുന്നുണ്ട്.
