
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്ന് ലോറിയുടെ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കും. തുടര്‍ന്നായിരിക്കും ലോറി ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുക.
പ്രദേശത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ കുത്തിയൊഴുകുന്ന പുഴയില്‍മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങിയായിരിക്കും പരിശോധന നടത്തുക. തുടര്‍ന്ന് ലോറിയില്‍ ഇരുമ്പു വടം ഘടിപ്പിച്ച ശേഷം ലോറി ഉയര്‍ത്തുന്ന നടപടിയിലേക്കു കടക്കും. ലോറി കരക്കെത്തിക്കാനുള്ള പ്ലാറ്റ് ഫോം തയ്യാറായി. 200 അംഗ സംഘമാണ് സ്ഥലത്തുണ്ടാവുക.

റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഐ ബി ഒ ഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ മുങ്ങല്‍ വിദഗ്ധര്‍ കാബിനില്‍ എത്തിയാകും അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. ഏതാണ്ട് അഞ്ച് മീറ്റര്‍ ആഴത്തിലാണ് ലോറിയുള്ളത്. തെരച്ചില്‍ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ അനുവദിക്കില്ല. വൈകുന്നേരത്തിനുള്ളില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
