കോൺഗ്രസിലെ വിവാദങ്ങൾക്കിടെ ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ

കോൺഗ്രസിലെ വിവാദങ്ങൾക്കിടെ ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ഇന്ദിരാഭവനിൽ വൈകിട്ട് നാലുമണിക്ക് ചേരും.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും അധ്യക്ഷതയിലാകും യോഗം. കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയ 40 ഓളം നേതാക്കൾ പങ്കെടുക്കും.തിരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് പ്രധാന ചർച്ചാ വിഷയം എങ്കിലും നിലവിലെ വിവാദങ്ങളും പുനഃസംഘടനയും ചർച്ച ചെയ്യും.

കെ സുധാകരൻ അധ്യക്ഷനായി തുടരുമോയെന്ന കാര്യത്തിലും യോഗത്തിൽ തീരുമാനം ഉണ്ടാകും. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിവാദങ്ങളും പരസ്യപ്രതികരണങ്ങളും ഒഴിവാക്കി നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന നിർദേശമാകും ഹൈക്കമാൻഡ് നൽകുക.ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന അഭിമുഖത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂര്‍ രംഗത്തുവന്നിരുന്നു. തന്റെ അഭിമുഖം പത്രം വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.

ഇതിനിടെ കെ.പി.സി.സി. അധ്യക്ഷനെ മാറ്റേണ്ട ആവശ്യമില്ലെന്നും എല്ലാവരും അദ്ദേഹത്തിനൊപ്പം ഒരുമിച്ചു നിൽക്കുകയാണ് വേണ്ടതെന്നും ശശി തരൂർ പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെയുണ്ടാക്കിയ വിജയത്തിനുശേഷം അദ്ദേഹം മാറണമെന്ന് പറയുന്നതിൽ അർഥമില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *