വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും ദുലീപ് ട്രോഫിയില്‍ കളിപ്പിക്കാത്തതിന് ബിസിസിഐയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇത് തെറ്റായ തീരുമാനമാണെന്ന് വിമര്‍ശിച്ച മഞ്ജരേക്കര്‍ ബംഗ്ലദേശിനെതിരായ ആദ്യ ടെസ്റ്റിലേക്ക് പോകുന്നതിന് മുമ്പുള്ള ഒരുക്കമായി ഇതിനെ കാണണമായിരുന്നെന്ന് പരാമര്‍ശിച്ചു.എനിക്ക് ആശങ്കയില്ല. പക്ഷേ ദുലീപ് ട്രോഫിയില്‍ ചുവന്ന പന്തില്‍ പരിശീലനം നടത്തിയിരുന്നെങ്കില്‍ രണ്ടുപേര്‍ക്കും നന്നായേനെ. വിരാട് കോലിയും രോഹിത് ശര്‍മ്മയും ദുലീപ് ട്രോഫിയില്‍ കളിക്കാതിരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനും അവര്‍ക്കും നല്ലതല്ല. അവര്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നെങ്കില്‍ ചെന്നൈയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു- അദ്ദേഹം പറഞ്ഞു.
വിരാടിനും രോഹിതിനും നല്‍കിയ പ്രത്യേക പരിഗണനയെ മഞ്ജരേക്കര്‍ ചോദ്യം ചെയ്തപ്പോള്‍, വരാനിരിക്കുന്ന ഗെയിമുകളില്‍ ഫോമിലേക്ക് തിരിച്ചുവരാന്‍ ഇരുവരെയും പിന്തുണച്ചു. ‘അവര്‍ക്ക് ക്ലാസുണ്ട്, വരാനിരിക്കുന്ന ഗെയിമുകളില്‍ അവര്‍ റണ്‍സ് സ്‌കോര്‍ ചെയ്യും. ഞാന്‍ അവരെ ഫോമില്ലാതെ അധിക നാള്‍ കാണാറില്ല- മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 27 ന് കാണ്‍പൂരിലാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്.