കോഴിക്കോട് ജില്ലയില്‍ 1883 ബൂത്തുകള്‍; 2500 വോട്ടിംഗ് യന്ത്രങ്ങള്‍

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1883 ബുത്തുകള്‍ സജ്ജീകരിച്ചു.ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ കുന്ദമംഗലം അസംബ്ലി മണ്ഡലത്തില്‍ പെട്ട അറുപത്തഞ്ചാം നമ്പര്‍ പോളിങ്ങ് സ്റ്റേഷനായ ചെറുകുളത്തൂര്‍ ഗവ.എല്‍ പി സ്‌കൂളാണ്. 1592 വോട്ടര്‍മരാണ് ഈ ബൂത്തിലുള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാരുളള പോളിങ്ങ് സ്റ്റേഷന്‍ കുന്ദമംഗലം അസംബ്ലി മണ്ഡലത്തില്‍ തന്നെയുള്ള 101ാം നമ്പര്‍ സ്റ്റേഷനായ മാവൂര്‍ പഞ്ചായത്ത് ശിശുമന്ദിരമാണ്. 206 വോട്ടര്‍മരാണ് ഇവിടെയുള്ളത്.
22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ജില്ലയില്‍ 21,83,474 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 10,51,835 പേര്‍ പുരുഷന്മാരും 11,31,639 പേര്‍ സ്ത്രീകളുമാണ്. പുരുഷന്മാരെ അപേക്ഷിച്ച് 79,804 സ്ത്രീ വോട്ടര്‍മാര്‍ കൂടുതലാണ്. ഏറ്റവും കൂടുതല്‍ വോട്ട് ബാലുശേരി അസംബ്ലി മണ്ഡലത്തിലും കുറവ് കോഴിക്കോട് സൗത്തിലുമാണ്. സംസ്ഥാനത്ത് പ്രവാസി വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് വടകര ലോകസ്ഭ മണ്ഡലത്തിലാണ് -3473 പേര്‍. വര്‍വീസ് വോട്ടുകള്‍ വടകര മണ്ഡലത്തില്‍ 3616 ആണ്. കോഴിക്കോട് മണ്ഡലത്തില്‍ 4265 ഉം.
ജില്ലയില്‍ ആകെ 2500 വോട്ടിംഗ് യന്ത്രങ്ങള്‍ ആവശ്യമായി വരും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ പത്തു ശതമാനം കണ്‍ട്രോള്‍ യൂണിറ്റും 35 ശതമാനം ബാലറ്റ് യൂണിറ്റും അധികമായി കരുതും. ഇതനുസരിച്ച് ജില്ലയില്‍ വേണ്ടത് 2100 കണ്‍ട്രോള്‍ യൂണിറും 2500 ല്‍ പരം ബാലറ്റ് യൂണിറ്റുമാണ് വേണ്ടത്.
13,000 ലധികം ഉദ്യോഗസ്ഥരെയാണ് പോളിംഗ് ഡ്യൂട്ടിയില്‍ നിയോഗിക്കുക. ഒരു പോളിംഗ് സ്റ്റേഷനില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കു പുറമെ മൂന്നു പോളിംഗ് ഓഫീസര്‍മാര്‍ ഉണ്ടാകും. ഇത്തവണ തിരഞ്ഞെടുപ്പു ഡ്യൂട്ടി ലഭിക്കുന്നവര്‍ക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ സി എ ലത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം ഘട്ടപരിശീലന വേളയിലാണ് ഏത് അസംബ്ലി മണ്ഡലത്തിന്റെ ഡ്യൂട്ടി എന്നറിയുക. ഈ അവസരത്തില്‍ തന്നെ ജീവനക്കാര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരം നല്‍കുമെന്നത് ഇത്തവണത്തെ പുതുമയാണ്.
കോഴിക്കോട്, വടകര, വയനാട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ജില്ലയിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുക. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ കോഴിക്കോട് ജില്ലയിലെ അസംബ്ലി മണ്ഡലങ്ങള്‍ മാത്രമെ ഉള്‍പ്പെടുന്നുള്ളൂ. കോഴിക്കോട് നോര്‍ത്ത്, സൗത്ത്, എലത്തൂര്‍, ബേപ്പൂര്‍, ബാലുശേരി, കൊടുവള്ളി, കുന്ദമംഗംലം എന്നിവയാണ് ഈ അസംബ്ലി മണ്ഡലങ്ങള്‍. വടകര ലോക്‌സഭാമണ്ഡലത്തില്‍ ആകെയുള്ള അഴ് അസംബ്ലി മണ്ഡലങ്ങളില്‍ അഞ്ച് എണ്ണം കോഴിക്കോട് ജില്ലയിലുള്ളതാണ്. വടകര, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര, കൊയിലാണ്ടി എന്നിവയാണിവ. ശേഷിക്കുന്ന തലശേരി, കൂത്തുപറമ്പ് എന്നിവ കണ്ണൂര്‍ ജില്ലയിലുള്‍പ്പെടുന്നു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി അസംബ്ലി മണ്ഡലം വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലാണ്.
വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ ബൂത്തുകളുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധനവുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ 1004 ബൂത്തുകളാണ് ഉണ്ടായിരുന്നത് ഇത്തവണ 1044 ആയി ഉയര്‍ന്നു. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ 952 ആയിരുന്നു ബൂത്തുകളുടെ എണ്ണം. ഇത്തവണ അത് 1003 ആയി ഉയര്‍ന്നു. രണ്ടു ലോകസ്ഭാ മണ്ഡലങ്ങളിലും കൂടി ആകെ 2047 ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
ജില്ലയില്‍ പ്രശ്‌നബാധിത സ്വഭാവമുളള മൂന്ന് പോളിങ്ങ് സ്റ്റേഷനുകളാണുളളത്. വടകര മണ്ഡലത്തില്‍പ്പെടുന്ന ഈ ബൂത്തുകളില്‍ വെബ്കാസ്റ്റിംങ് സംവിധാനവും അതീവ സുരക്ഷാ നടപടികളും ഉണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *