കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം രോഗബാധ കണ്ടെത്തിയ ഫാമുകളിലെ പന്നികളെ കൊല്ലാൻ കോട്ടയം ജില്ലാ കളക്‌ടർ ജോൺ വി സാമുവൽ ഉത്തരവിട്ടു.ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാ പന്നികളെയും കേന്ദ്ര സർക്കാരിന്‍റെ മാർഗ നിർദേശങ്ങളനുസരിച്ച് കൊന്ന് സംസ്‌കരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധനകളും നിരീക്ഷണവും ശക്തമാക്കാനും നിർദേശം നൽകി.

രോഗബാധിത പ്രദേശങ്ങളിൽ പന്നിയിറച്ചിയുടെ വിതരണവും വിൽപനയും നിരോധിച്ചിട്ടുണ്ട്. അതേസമയം ഈ പ്രദേശങ്ങളിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്കും തിരിച്ചും പന്നികളെയോ പന്നിയിറച്ചിയോ തീറ്റയോ കൊണ്ട് പോകാൻ പാടില്ലെന്നും നിർദേശമുണ്ട്.

അതേസമയം 2022 ലാണ് കേരളത്തില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. മാനന്തവാടി മുന്‍സിപ്പാലിറ്റിയിലും തവിഞ്ഞാല്‍, നെന്മേനി ഗ്രാമപഞ്ചായത്തുകളിലും പിന്നീട് കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ ഗ്രാമപഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *