
കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ കെട്ടിടത്തില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന വിവരം മന്ത്രിയെ അറിയിച്ചത് ഞാനെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍. അപകട സമയത്ത് മുഖ്യമന്ത്രിയുടെ മേഖലാ അവലോകന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നെന്നും വിവരമറിഞ്ഞയുടന്‍ ഓടി വരികയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
മണ്ണിനടിയില്‍ ആരും അകപ്പെട്ടിട്ടില്ലെന്ന് മന്ത്രിയോട് പറഞ്ഞത് ഞാന്‍ തന്നെയാണ്. സംഭവം അറിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ നിന്ന് ഞങ്ങള്‍ തിരിച്ചു വന്നു. സര്‍ജിക്കല്‍ ബ്ലോക്ക് തകര്‍ന്നു എന്നാണ് ആദ്യം അറിയുന്നത്. വളരെയധികം ടെന്‍ഷനോടെയാണ് വന്നത്. താഴത്തെ രണ്ട് നിലകള്‍ അടച്ചിട്ടിരുന്നതാണ്. ഒരു ടോയ്‌ലറ്റ് കോംപ്ലക്‌സ് മാത്രമേ തകര്‍ന്നിട്ടുള്ളു എന്നാണ് വന്നപ്പോള്‍ കണ്ടത്.

രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെ അവിടെ ഉണ്ടായിരുന്നു. അവരോട് സംസാരിച്ചു. ആശുപത്രിക്ക് ഒരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മറ്റിയുണ്ട്. അതിന്റെ കമാന്റായി ആര്‍എംഒയും മറ്റ് ജീവനക്കാരുമുണ്ട്. അവര്‍ പെട്ടന്ന് തന്ന വിവരമാണ് കെട്ടിടത്തിനടിയില്‍ ആരുമില്ല എന്നത്. ഞങ്ങള്‍ അത് മന്ത്രിയുമായി പങ്കുവച്ചു. അത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിന്നീട് വലിയ വിവാദമായി. ആരാണ് പറഞ്ഞത് എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഞാന്‍ ആണ് എന്ന് പറയേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. അത് പറഞ്ഞു. ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ ഒരു വിഷമവുമില്ല – അദ്ദേഹം വ്യക്തമാക്കി.
