കൊവിഡ് ഇരകളെ നിർബന്ധിച്ച് ദഹിപ്പിച്ചു; മുസ്‌ലിംകളോട് മാപ്പ് പറഞ്ഞ് ശ്രീലങ്കൻ സർക്കാർ

കൊവിഡ് പിടിപെട്ട് മരിച്ചവരെ നിർബന്ധപൂർവം ദഹിപ്പിച്ചതിൽ മുസ്‌ലിം സമുദായോത്തോട് മാപ്പ് പറഞ്ഞ് ശ്രീലങ്കൻ സർക്കാർ. ഇസ്‌ലാമിക ആചാരപ്രകാരമുള്ള ഖബറടക്കം സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഉറപ്പ് മാനിക്കാതെയായിരുന്നു ദഹിപ്പിക്കൽ. മന്ത്രിസഭയാണ് മാപ്പ് പറഞ്ഞ് പ്രസ്താവന ഇറക്കിയത്.

ഭാവിയിൽ ഇത്തരം സാഹചര്യങ്ങളിൽ മുസ്‌ലിംകളുടെയോ മറ്റേതെങ്കിലും മതവിശ്വാസങ്ങളുടെയോ സംസ്‌കാര ആചാരങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്നും സർക്കാർ അറിയിച്ചു. രാജ്യത്തെ മുസ്‌ലിം പ്രതിനിധികൾ മാപ്പപേക്ഷ സ്വാഗതം ചെയ്തു. അതേസമയം, ശ്രീലങ്കൻ ജനതയുടെ പത്ത് ശതമാനം വരുന്ന മുസ്‌ലിം സമുദായം ഇപ്പോഴും പീഡിതരാണെന്ന കാര്യം പ്രതിനിധികൾ ഓർമിപ്പിച്ചു.

ശ്രീലങ്കയിലെ ഭൂരിപക്ഷ മതമായ ബുദ്ധർ മരിച്ചവരെ ദഹിപ്പിക്കുകയാണ് ചെയ്യുക. ഹിന്ദുക്കളും സമാന രീതിയാണ് പിന്തുടരുന്നത്. നിർബന്ധപൂർവമുള്ള ദഹിപ്പിക്കലിന് പിന്നിൽ മെത്തിക വിതനാഗെ, ഛന്ന ജയസുമാന എന്നീ അക്കാദമിക് വിദഗ്ധരാണെന്നും ഇവർക്കെതിരെ കേസ് കൊടുക്കുമെന്നും നഷ്ടപരിഹാരം തേടുമെന്നും മുസ്‌ലിം കൗൺസിൽ ഓഫ് ശ്രീലങ്കൻ വക്താവ് ഹിൽമി അഹ്മദ് പറഞ്ഞു.

മുൻ പ്രസിഡന്റായിരുന്ന ഗോതബയ രജപക്‌സെയാണ് കൊവിഡ് വന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ മണ്ണിൽ സംസ്‌കരിക്കുന്നത് നിരോധിച്ചത്. ഇതിനെതിരെ യു എൻ മനുഷ്യാവകാശ സമിതിയടക്കം രൂക്ഷ വിമർശവുമായി രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *