കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിനെ പരിഹസിച്ച് സുരേഷ് ഗോപി

കൊടകരയില്‍ പണമെത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കെന്ന ഗുരുതുര വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണ സംഘമാകേണ്ടെന്നും എല്ലാം മാധ്യമങ്ങള്‍ സൃഷ്ടിച്ച കഥയാണെന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

സിബിഐയെ വിളിക്കട്ടേയെന്നും സുരേഷ് ഗോപി പരിഹസിച്ചു. സ്വര്‍ണക്കടത്തിനെ കുറിച്ചുകൂടി മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വര്‍ണക്കടത്തെല്ലാം തീവ്രവാദത്തിനാണോയെന്നും കൂടി നിങ്ങള്‍ അന്വേഷിക്കണം. നിങ്ങള്‍ മാധ്യമങ്ങളല്ലേ ഇതിന്റെയെല്ലാം ഉദ്ധാരകര്‍. ഞാന്‍ സുതാര്യമായി കാര്യങ്ങള്‍ പറയും. സിബിഐയെ വിളിക്കട്ടേന്നേ’. സുരേഷ് ഗോപി പറഞ്ഞു.

കോടികളുടെ കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസില്‍ എത്തിച്ചതെന്നായിരുന്നു കേസിലെ സാക്ഷിയും കുഴല്‍പ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍. ഓഫീസിലേക്ക് ചാക്കുകെട്ടുകളില്‍ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്.

ധര്‍മ്മരാജന്‍ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോള്‍ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉണ്ടായിരുന്നു.കവര്‍ച്ച ചെയ്യപ്പെട്ടത് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ കോടികളാണെന്നും. താന്‍ കുഴല്‍പ്പണം കൊണ്ടുവന്നവര്‍ക്ക് റൂം ബുക്ക് ചെയ്ത് കൊടുത്തത് ജില്ലാ ട്രഷറര്‍ ആവശ്യപ്പെട്ടത് പ്രകാരമാണെന്നുമായിരുന്നു തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *