കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രത്തെ സംബന്ധിച്ച് പ്രതികരണവുമായി ഇ ഡി

കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രത്തെ സംബന്ധിച്ച് പ്രതികരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കവര്‍ച്ചാക്കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും അതില്‍ സാധ്യമായതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഎംഎല്‍എ നിയമപ്രകാരമാണ് ഇ ഡി പ്രവര്‍ത്തിക്കുന്നത്. അതില്‍ പറയുന്നതെല്ലാം അന്വേഷിച്ചെന്നും ഇ ഡി വ്യക്തമാക്കി.കവര്‍ച്ച നടന്നതിന് ശേഷം ആരൊക്കെ പണം കൈപ്പറ്റി, എന്തിന് വേണ്ടി ഉപയോഗിച്ചു, കള്ളപ്പണമായി മാറ്റിയോ, സ്വത്തുക്കള്‍ വാങ്ങാന്‍ ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നത്. ഈ അന്വേഷണത്തിലാണ് പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എന്നാല്‍ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നത് ഇ ഡിയുടെ പരിധിയില്‍ വരുന്നതല്ലെന്നും ആദായ നികുതി വകുപ്പാണ് അന്വേഷിക്കേണ്ടതെന്നും ഇ ഡി വ്യക്തമാക്കി. കവര്‍ച്ച നടന്നതിന് ശേഷം പണം കള്ളപ്പണമായി വെളുപ്പിച്ചോ എന്നതാണ് തങ്ങളുടെ പരിധിയില്‍ വരുന്നതെന്നും ഇ ഡി പറഞ്ഞു. പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും തെളിവുകള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു.ധര്‍മരാജിന്റെ മൊഴിയാണ് നിര്‍ണായകമായി മാറിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ധര്‍മരാജ് തന്നെ ഉറവിടം സംബന്ധിച്ച മൊഴി നല്‍കിയിട്ടുണ്ട്.

ബിസിനസിന് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് മൊഴില്‍ നിന്ന് വ്യക്തമാണെന്നും ഇ ഡി പറയുന്നു.കഴിഞ്ഞ ദിവസം കൊടകര കുഴല്‍പ്പണക്കേസില്‍ പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബിജെപിയുടെ പണമെന്നതിന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറഞ്ഞു. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *