കൊച്ചിൻ കാന്‍സര്‍ റിസർച്ച് സെന്ററിന്റെ (സിസിആർസി) പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകോത്തര അർബുദ ചികിത്സാ സൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് കളമശേരിയിൽ നിര്‍മിച്ച ഒമ്പതുനില കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. മന്ത്രിമാരായ വീണാ ജോർജ്, പി രാജീവ്, എംഎൽഎമാരായ കെ ബാബു, ഉമ തോമസ്, അൻവർ സാദത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കേരളം മുന്നോട്ടു കുതിക്കുന്നതിന് പ്രധാന തടസ്സം സാമ്പത്തിക പ്രശ്നമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബജറ്റിന് പുറത്ത് ധനസ്രോതസ്സ് ഉണ്ടെങ്കിലേ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത്തരം ചിന്തയിൽ നിന്നാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിക്കുന്നതിന് തീരുമാനിച്ചതെന്നും കിഫ്ബിയിലൂടെ കേരളത്തിൻറെ നിരവധി ആവശ്യങ്ങൾ നിറവേറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിൻ്റെ സാക്ഷ്യപത്രം കാണാമെന്നും കിഫ്ബിയിലൂടെ വിദ്യാഭ്യാസ രംഗത്തും വലിയ മുന്നേറ്റം ഉണ്ടായി. ആരോഗ്യരംഗത്ത് കിഫ്ബിയുടെ സംഭാവനകൾ വളരെ വലുതാണ്. തീരദേശ ഹൈവേ , മലയോര ഹൈവേ എന്നിവയ്ക്ക് സംസ്ഥാന സർക്കാരാണ് പണം ചെലവഴിക്കുന്നതെന്നും അതിന് 10,000 കോടി രൂപയാണ് കിഫ്ബി വഴി ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതേ കിഫ്ബിയിൽ നിന്നു തന്നെയാണ് കൊച്ചിൻ കാന്‍സര്‍ സെന്ററിനും (സിസിആർസി) പണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മധ്യ കേരളത്തിലെ മികച്ച കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കി സിസിആർസിയെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിൻ കാന്‍സര്‍ റിസർച്ച് സെന്ററിന്റെ (സിസിആർസി) പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.













