
കേരള സർവകലാശാലയിൽ അസാധാരണ സാഹചര്യം. സസ്പെൻഷൻ റദ്ദാക്കി എന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുമ്പോൾ സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ തുടരുമെന്നാണ് താത്കാലിക വി സി ഡോ സിസ തോമസിന്റെ വാദം. വിഷയത്തിൽ വി സി യും സിൻഡിക്കേറ്റും രണ്ട് തട്ടിലാണ് തുടരുന്നത്.
രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല. കോടതിയിൽ ഇരിക്കുന്ന വിഷയം ചർച്ചയ്ക്ക് എടുത്തിരുന്നില്ല. സസ്‌പെൻഷൻ റദ്ദാക്കണമെന്ന പ്രമേയം സിൻഡിക്കേറ്റ് അംഗങ്ങൾ ഉന്നയിച്ചപ്പോൾ യോഗം പിരിച്ചുവിട്ട് താൻ ഇറങ്ങി വരികയാണ് ഉണ്ടായത്. സിൻഡിക്കേറ്റ് പിരിച്ചുവിട്ട ശേഷം എടുത്ത തീരുമാനത്തിന് നിയമസാധുതയില്ലെന്നും ഇപ്പോൾ നടക്കുന്നത് സിൻഡിക്കേറ്റാവില്ല അവർ കുശലം പറയുകയാവും, സസ്പെൻഷനിൽ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും സിസ തോമസ് പ്രതികരിച്ചു.

