
കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ചതില്‍ യു ഡി എഫില്‍ തര്‍ക്കം. കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യു ഡി എഫിലേക്ക് ക്ഷണിച്ചത്.
ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിക്കുന്നവര്‍ ഈ നടപടിയെ എതിര്‍ക്കുകയാണ്.വയനാട്ടില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പാര്‍ട്ടി വിട്ടവരെയും, മുന്നണി വിട്ടവരെയും തിരിച്ചെത്തിക്കണമെന്ന നിലപാട് കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ സുധാകരനും രമേശും മുന്നണിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഇത് ഇപ്പോള്‍ വേണ്ടിയിരുന്നില്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ള ചില നേതാക്കള്‍ക്കുള്ളത്.

ഇപ്പോള്‍ സര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങള്‍ പ്രതിപക്ഷം കൊണ്ടുവരികയും, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മാണി ഗ്രൂപ്പിനെ യു ഡി എഫിലേക്ക് ക്ഷണിക്കുന്നത് അനാവശ്യമായ ആശക്കുഴപ്പം സൃഷ്ടിക്കാനേ ഉതകുവെന്ന് വി ഡി സതീശനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പറയുന്നു.കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഈ ക്ഷണത്തെ തള്ളുകയാണ്. എന്നാല്‍ അവര്‍ക്കിടയിലും രണ്ട് അഭിപ്രായം ഇക്കാര്യത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണിയിലെത്തിയത് കൊണ്ട് ആകെ പ്രയോജനം റോഷി അഗസ്റ്റിന് മാത്രമേ ഉണ്ടായുള്ളുവെന്നാണ് ജോസ് കെ മാണിയോടടുത്ത് നില്ക്കുന്ന ചിലര്‍ കരുതുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ് കേരളാ കോണ്‍ഗ്രസ് എന്നത് കൊണ്ട് ഇവിടെ യു ഡി എഫിന്റെ ഭാഗമാകാന്‍ മടിക്കേണ്ടതില്ലന്നാണ് അവര്‍ പറയുന്നത്.
