കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം എന്നറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് മുല്ലപ്പള്ളി കത്ത് നൽകി. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണ നൽകും. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നും ഖർഗെയ്ക്ക് അയച്ച കത്തിൽ മുല്ലപ്പളളി വ്യക്തമാക്കി.പുതിയ കെപിസിസി അധ്യക്ഷൻ വേണമെന്നാണ് കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെയും ആവശ്യം.

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭൂരിപക്ഷം നേതാക്കളും ഇക്കാര്യം അറിയിച്ചു. കെ സുധാകരന്റെ ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.കേരളത്തിൽ സംഘടന ഇല്ലെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടതായാണ് വിവരം. ഹൈക്കമാൻഡ് വിളിച്ച നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരും. യോഗത്തിന് മുൻപ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാന നേതാക്കളെ കാണും. കേരളത്തിൽ നിന്നുളള പ്രധാന നേതാക്കളെ പ്രത്യേകം കാണുമെന്നും വിവരമുണ്ട്. ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന് നേതാക്കളോട് ആവശ്യപ്പെട്ടേക്കും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം.അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാൽ കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ പറഞ്ഞിരുന്നു.

‘കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാം, നീക്കാതിരിക്കാം. ഹൈക്കമാൻഡ് തീരുമാനം അം​ഗീകരിക്കും. മാറ്റിയാൽ കുഴപ്പമില്ല. പരാതിയുമില്ല. ഞാൻ തൃപ്തനായ മനസിന്റെ ഉടമയാണ്’, എന്നായിരുന്നു സുധാകരൻറെ പ്രതികരണം.കേരളത്തിലെ കോൺഗ്രസിൽ പുനഃസംഘടന ഉണ്ടായേക്കുമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കിയേക്കുമെന്നുമുള്ള സൂചനകൾ നേരത്തേതന്നെ പുറത്തുവന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നും വിവരമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *