
വര്‍ധിപ്പിച്ച കെട്ടിടനിര്‍മാണ അനുമതി നിരക്കും അപേക്ഷാഫീസും തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍.സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നിരക്ക് നിലവില്‍ വരുന്നത്. നേരത്തെ 1614 ചതുരശ്ര അടി (150 ചതുരശ്ര മീറ്റര്‍) വരെ ചെറുകിട നിര്‍മാണത്തിന്റെ പരിധിയിലായിരുന്നത് ഇപ്പോള്‍ 860.8 ചതുരശ്ര അടിയാക്കി (80 ചതുരശ്ര മീറ്റര്‍) ചുരുക്കിയതോടെ സാധാരണക്കാര്‍ ഉള്‍പ്പെടെ ഉയര്‍ന്ന നിരക്ക് വര്‍ധനയുടെ പരിധിയിലാകും.
കോര്‍പറേഷന്‍ പരിധിയിലുള്ളവര്‍ക്കാണ് ഇരുട്ടടി കൂടുതല്‍. നേരത്തെ 1614 ചതുരശ്ര അടി വരെ താമസ കെട്ടിടങ്ങളുടെ നിര്‍മാണാനുമതി നിരക്ക് ഒരു ചതുരശ്ര മീറ്ററിന് അഞ്ച് രൂപയായിരുന്നത് പുതിയ നിരക്ക് പ്രകാരം 860.8 ചതുരശ്ര അടി വരെ ചതുരശ്ര മീറ്ററിന് 15 രൂപയും അതിന് മുകളില്‍ 1614 വരെ 100 രൂപയുമാക്കിയാണ് ഉയര്‍ത്തിയത്.

3228 ചതുരശ്ര അടി (300ചതുരശ്ര മീറ്റര്‍) വരെ 150 രൂപയും അതിന് മുകളില്‍ 200 രൂപയുമാണ് ഫീസ്.നഗരങ്ങളില്‍ പണിയുന്ന ഇടത്തരം വീടുകളുടെ ശരാശരി വിസ്തീര്‍ണം 1200 ചതുരശ്ര അടിയാണ്. ഇതിന് അപേക്ഷ ഫീസും അനുമതി നിരക്കും 712 രൂപയാണ് ഇതുവരെയെങ്കില്‍ തിങ്കളാഴ്ച മുതല്‍ 13,530 രൂപയാകും.
മുനിസിപ്പാലിറ്റികളില്‍ 860.8 ചതുരശ്ര അടി വരെ 10 രൂപയും അതിന് മുകളില്‍ 1614 ചതുരശ്ര അടി വരെ 70 രൂപ, അതിന് മുകളില്‍ 3228 ചതുരശ്ര അടി വരെ 120 രൂപ, അതിന് മുകളില്‍ 200 രൂപ എന്നിങ്ങനെയാണ് വര്‍ധന. പഞ്ചായത്തുകളിലെ താമസ കെട്ടിടങ്ങള്‍ക്ക് 860.8 ചതുരശ്ര അടി വരെ ഏഴുരൂപയും അതിന് മുകളില്‍ 1614 ചതുരശ്ര അടി വരെ 50 രൂപ, അതിന് മുകളില്‍ 3228 ചതുരശ്ര അടി വരെ 100 രൂപ, അതിന് മുകളിലേക്ക് 150 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്.കെട്ടിടത്തിന്റെ വിസ്തൃതി ചതുരശ്ര അടിയിലാണ് പറയുന്നതെങ്കിലും അനുമതി നിരക്ക് കണക്ക് കൂട്ടുന്നത് ചതുരശ്ര മീറ്ററിലാണ്. ഒരു ചതുരശ്ര മീറ്റര്‍ 10.76 ചതുരശ്ര അടിയാണ്.
