
മധ്യപ്രദേശിലെ കുനോ പാല്‍പൂര്‍ ദേശീയോദ്യാനത്തില്‍ നിന്നും കാണാതായ ‘ഒബാന്’ എന്ന ആണ് ചീറ്റയെ കണ്ടെത്തി.
ഏപ്രില്‍ രണ്ടിനാണ് ചീറ്റ ദേശീയോദ്യാനത്തില്‍ നിന്നും രക്ഷപ്പെട്ടത്. കുനോ പാല്‍പൂര്‍ ദേശീയോദ്യാനത്തില്‍ നിന്നും ഏതാണ് 20 കിലോമീറ്റര്‍ അകലെ ശിവപൂര്‍ വനമേഖലയില്‍ അലഞ്ഞുതിരിഞ്ഞ ചീറ്റയെ പിടിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ശിവപൂരിലെ ജനവാസ മേഖലയില്‍ ചീറ്റയുടെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രത്യേക സംഘം ചീറ്റയെ പിടികൂടി ദേശീയോദ്യാനത്തില്‍ മടക്കിയെത്തിച്ചതായി ഡിഎഫ്ഒ പ്രകാശ് കുമാര്‍ വര്‍മ്മ അറിയിച്ചു. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നും ‘ഒബാന്’ അടക്കം എട്ട് ചീറ്റകളെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ കുനോ ദേശീയ ഉദ്യാനത്തില്‍ എത്തിച്ചത്. സംഘത്തില്‍ അഞ്ച് പെണ് ചീറ്റകളും മൂന്ന് ആണ് ചീറ്റകളുമാണുള്ളത്.
ഒരു കാലത്ത് ഏഷ്യാറ്റിക് ചീറ്റകളുടെ വിഹാരകേന്ദ്രമായിരുന്ന ഇന്ത്യയില്‍ 1952 ലാണ് ചീറ്റകള്‍ക്ക് വംശനാശം സംഭവിക്കുന്നത്.
