ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ‘ഫ്ളൈ ദുബായ്’ വിമാനത്തെ വൻ ദുരന്തത്തില്‍നിന്ന് രക്ഷിച്ചത് ഇന്ത്യൻ വംശജനായ പൈലറ്റ് സ്മിത്ത് മചാറിന്റെ സമയോചിതമായ ഇടപെടല്‍.കോക്പിറ്റിനുള്ളില്‍ ഒമാൻ സ്വദേശിയായ സഹപൈലറ്റ്, ക്യാപ്റ്റനായ സ്മിത്തിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിമാനം തകർക്കാനുമായിരുന്നു സഹപൈലറ്റിന്റെ ശ്രമം. കുത്തേറ്റ ശേഷവും മച്ചാർ സഹപൈലറ്റിനെ വീര്യത്തോടെ ചെറുത്തുതോല്‍പ്പിച്ചു.വിമാനം സുരക്ഷിതമാക്കിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. പൈലറ്റിന്റെ അസാധാരണ ധീരതയെ അഭിവാദ്യം ചെയ്തുകൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. വിനാശകരമായ ആകാശ ദുരന്തം തടഞ്ഞതിന് സ്മിത് മച്ചാറിനെ പേരെടുത്തു പറഞ്ഞാണ് നെതന്യാഹു പ്രശംസിച്ചത്.

ശരീരത്തില്‍ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റിട്ടും അദ്ദേഹം ചെറുത്തുനില്‍ക്കുകയും കോക്ക്പിറ്റ് വാതില്‍ തുറന്ന് യാത്രക്കാരെയും ജീവനക്കാരെയും ആക്രമണകാരിയെ കീഴടക്കാൻ പ്രാപ്തരാക്കുകയുമായിരുന്നു. സ്മിത് മച്ചാറിന്റെ അടിയന്തര ഇടപെടലിലൂടെ 174 യാത്രക്കാരുടെ ജീവനാണ് രക്ഷപ്പെട്ടതെന്നും നെതന്യാഹു കുറിച്ചു.











