കീവില്‍ വൻ വ്യോമാക്രമണങ്ങൾ നടത്തുമെന്ന ഔദ്യോഗിക മുന്നറിയിപ്പുമായി റഷ്യ


കീവില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഔദ്യോഗിക മുന്നറിയിപ്പുമായി റഷ്യ.കീവിലുള്ള വിദേശ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാർ എന്നിവർ എത്രയും വേഗം നഗരം വിട്ടുപോകണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം കർശന നിർദ്ദേശം നല്‍കി.


കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ യുക്രൈനില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് വിദേശികള്‍ക്ക് നേരെ ഈ അടിയന്തര മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്‌ക് മേഖലയിലുള്ള ഒരു വിദ്യാർത്ഥി ഹോസ്റ്റലിന് നേരെ യുക്രൈൻ ബോധപൂർവം ഡ്രോണ്‍ ആക്രമണം നടത്തിയതായാണ് റഷ്യ ആരോപിക്കുന്നത്.

online news portal

ഈ ആക്രമണത്തില്‍ 21 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തങ്ങളുടെ പൗരന്മാർക്ക് നേരെയുണ്ടായ ഈ ആക്രമണത്തിന് പകരമായി കീവിന് നേരെ വ്യവസ്ഥാപിതവും ശക്തവുമായ തിരിച്ചടി നല്‍കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടു കഴിഞ്ഞു. എന്നാല്‍ റഷ്യയുടെ ഒരു പ്രമുഖ ഡ്രോണ്‍ കമാൻഡ് യൂണിറ്റിനെ മാത്രമാണ് തങ്ങള്‍ തകർത്തതെന്നാണ് യുക്രൈൻ സൈന്യം ഇതിനോട് പ്രതികരിച്ചത്.വരും ദിവസങ്ങളില്‍ കീവിലെ യുക്രെയ്ൻ സൈനിക-വ്യവസായ സമുച്ചയങ്ങള്‍, ഡ്രോണ്‍ രൂപകല്‍പ്പനയും നിർമ്മാണവും നടത്തുന്ന കേന്ദ്രങ്ങള്‍, പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന കമാൻഡ് സെന്ററുകള്‍ എന്നിവ ലക്ഷ്യമിട്ടായിരിക്കും റഷ്യയുടെ ആക്രമണമെന്നാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളില്‍ കീവിന് നേരെ റഷ്യ നടത്തിയ അതിശക്തമായ ആക്രമണത്തില്‍ ആണവായുധം വഹിക്കാൻ ശേഷിയുള്ള, ശബ്ദത്തേക്കാള്‍ 10 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന ‘ഒരെഷ്‌നിക്’ ഹൈപ്പർസോണിക് മിസൈല്‍ റഷ്യ പ്രയോഗിച്ചിരുന്നു. നാല് വർഷത്തോളമായി തുടരുന്ന യുദ്ധത്തില്‍ ഇത് മൂന്നാം തവണയാണ് റഷ്യ ഈ അത്യാധുനിക മിസൈല്‍ ഉപയോഗിക്കുന്നത്.അതേസമയം റഷ്യയുടേത് വെറും ബ്ലാക്ക്മെയിലിംഗ് തന്ത്രം മാത്രമാണെന്നും ഇതിന് വഴങ്ങരുതെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു. റഷ്യയുടെ ഭീഷണികളെ പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും യുക്രൈൻ വ്യക്തമാക്കി. റഷ്യയുടെ പുതിയ നീക്കത്തോടെ മേഖലയില്‍ യുദ്ധം കൂടുതല്‍ വഷളാകുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.



Sharing is Caring