കീഴിശേരിയില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ 8 പേരെ അറസ്റ്റ് ചെയ്തു

മലപ്പുറം കീഴിശേരിയില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ 8 പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ കിഴിശ്ശേരി തവനൂര്‍ റോഡില്‍ ഒന്നാം മൈലിലാണ് സംഭവം. ബീഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. റോഡരികിലുള്ള വീടിന്റെ പരിസരത്ത് സംശയാസ്പദമായി നിന്ന സാഹചര്യത്തില്‍ രാജേഷിനെ മര്‍ദിക്കുകയായിരുന്നു.മോഷണശ്രമം ആരോപിച്ച് ആൾക്കൂട്ടം 12 മണിമുതല്‍ 2.30 വരെ രാജേഷിനെ ചോദ്യം ചെയ്തു.

പൈപ്പും മാവിന്റെ കൊമ്പും കൊണ്ടായിരുന്നു ആക്രമിച്ചത്.ആക്രമണത്തിന് ശേഷം പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് മലപ്പുറം എസ് പി സുജിത് ദാസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിലായിരുന്ന രാജേഷിനെ പൊലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ശരീരത്തിനകത്തും പുറത്തുമേറ്റ മുറിവുകളാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.വെള്ളിയാഴ്ചയാണ് രാജേഷ് കിഴിശേരിയില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസമാക്കിയത്. കിഴാശേരിയില്‍ കോഴിത്തീറ്റ ഫാമില്‍ ജോലിക്കായി എത്തിയതാണ് ഇയാൾ‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *