കാലാവസ്ഥ പ്രതികൂലം; അര്‍ജുന്‍ രക്ഷാദൗത്യം നീളുന്നു

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനിനെ പത്താം ദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥാ ദൗത്യസംഘത്തിനു മുമ്പില്‍ പ്രതിബന്ധം സൃഷ്ടിക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

ഷിരൂര്‍ ഉള്‍പ്പെട്ട ഉത്തര കന്നഡയില്‍ മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗംഗാവലി നദിയില്‍ ശക്തമായ അടിയൊഴുക്കുണ്ട്. അതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയില്‍ ഇറങ്ങാനാകാത്ത സ്ഥിതിയാണെന്ന് സൈന്യം അറിയിച്ചു. ഈ സാഹചര്യത്തില്‍ അര്‍ജുന്‍ രക്ഷാദൗത്യം ഇനിയും ദിവസങ്ങള്‍ നീണ്ടേക്കുമെന്നാണ് സൂചന.

ശക്തമായ മഴ കാരണം ഇന്നലെ രാത്രി ഡ്രോണ്‍ പരിശോധന നടത്താനായില്ല. കാബിന്റെയോ ട്രക്കിന്റെയോ സ്ഥാനം ഇതുവരെ കൃത്യമായി നിര്‍ണയിക്കാനും സാധിച്ചിട്ടില്ല.

തിരച്ചില്‍ വിവരങ്ങള്‍ വിശദീകരിച്ച് രക്ഷാദൗത്യ സംഘം ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഗംഗാവാലിയില്‍ നാല് ലോഹവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞു. റോഡിന്റെ സുരക്ഷാ കവചം, ടവര്‍, അര്‍ജുന്റെ ലോറി, ടാങ്കറിന്റെ കാബിന്‍ എന്നിവയാണ് കാണാതായിട്ടുള്ളത്. ഇവ നാലും വെള്ളത്തിലായിരിക്കാനാണ് സാധ്യതയെന്ന് മനസ്സിലാക്കിയതായി അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *