
കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബിസി റോഡ് മീത്തബൈലു ഇന്ഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും പ്രദേശവാസിയായ അബ്ദുര്‍ റസാഖിന്റെ മകനുമായ അസീം (13) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് അസീം സുഹൃത്തുക്കളോടൊപ്പം പനെമംഗ്ളൂറിലെ മുത്തശ്ശിയുടെ വീട്ടിലായിരുന്നു. എന്നാല്‍, ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് കാണാതാവുകയായിരുന്നു.
ബന്ധുക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അസീമിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണിലേക്ക് തുടര്‍ച്ചയായി വിളിച്ചെങ്കിലും എടുക്കാത്തതിന് തുടര്‍ന്ന് ബന്ധുക്കള്‍ ബണ്ട് വാള് സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അസീമിന്റെ മൊബൈല്‍ ഫോണ്‍ ലൊകേഷന്‍ പരിശോധിച്ചപ്പോള്‍ കാഖിലെ കുപ്പിലയിലെ തടാകത്തിന് സമീപത്ത് ഉള്ളതായി മനസിലായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തടാകത്തിന് സമീപം വസ്ത്രങ്ങളും ഷൂസും മൊബൈല്‍ ഫോണും കണ്ടെത്തി. പൊലീസ് തടാകത്തില്‍ നടത്തിയ തിരച്ചിലില്‍ രാത്രി വൈകിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബണ്ട് വാള് സര്‍കാര്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണങ്ങള്‍ തുടരുകയാണ്.
