‘കാട്ടാളനി’ൽ പെയ്തിറങ്ങാൻ ‘ചിറാപു‌ഞ്ചി’ വൈബ്!! സോഷ്യൽ മീഡിയയിലെ താരം ഹനാൻ ഷാ അഭിനയരംഗത്തേക്ക്

‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് കാട്ടാളൻ. നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന സിനിമയിൽ വൈറൽ ഗായകൻ ഹനാൻ ഷായും പ്രധാന വേഷത്തിൽ എത്തുന്നു. ഹനാൻ ഷായുടെ ആദ്യ സിനിമയാണ് കാട്ടാളൻ. ‘കാട്ടാളന്‍റെ വേട്ടയ്ക്ക് ഇനി ഹനാനും’ എന്ന ടാഗ് ലൈനുമായി പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റ‍ർടെയ്ൻമെന്‍റ്സ്.

2022 ൽ പുറത്തിറങ്ങിയ ‘പറയാതെ അറിയാതെ’ എന്ന കവർ ഗാനത്തിലൂടെയാണ് ഹനാൻ ശ്രദ്ധ നേടിയത്. ശേഷം ഒട്ടേറെ കവർ സോങ്ങുകളും സിംഗിളുകളും മ്യൂസിക് വീഡിയോകളും ഹനാൻഷാ എന്ന തന്‍റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാമിലും അടക്കം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ 2.2 മില്ല്യണിലേറെ ഫോളോവേഴ്സാണ് ഹനാനുള്ളത്. ചിറാപുഞ്ചി, കസവിനാൽ, ഇൻസാനിലെ, ഹാനിയ, ഓ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കല് തുടങ്ങിയവയാണ് ഹനാന്‍റെ വൈറൽ ഗാനങ്ങൾ. വ്ളോഗിലൂടെയും ഹനാന്‍ഷായും കുടുംബവും മലയാളികള്‍ക്ക് പരിചിതരാണ്.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *