കളർകോട് അപകടത്തില്‍പ്പെട്ട് മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാർത്ഥികളുടേയും മൃതദേഹങ്ങള്‍ പൊതുദർശനം വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടങ്ങി.കണ്ണീരണഞ്ഞ് സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും തങ്ങളുടെ പ്രിയ സുഹൃത്തുക്കളെ അവസാനമായി കാണാൻ എത്തി.
പോസ്റ്റ് മോർട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്.പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ദാരുണമായ അപകടത്തില്‍ മരിച്ചത്.
പൊതുദർശത്തിന് ശേഷം നാല് പേരുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകും. ലക്ഷദ്വീപ് വിദ്യാർഥിയുടെ കബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ 3 മണിയോടെ നടക്കും.
ഇന്നലെ രാത്രി ഒമ്ബതരയോടെയാണ് അപകടം ഉണ്ടായത്. കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ 12 പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്ത് എടുത്തത്. കാര്‍ പൂര്‍ണമായും തകര്‍ന്നു.മറ്റു ആറു പേർ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്.