കാസര്‍കോട്:നിരവധി കാരണങ്ങളാല്‍ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലബാറി ഇനം ആടുകളുടെ സംരക്ഷണത്തിനായി പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു കീഴില്‍ ആരംഭിച്ച യൂനിറ്റ് കര്‍ഷകര്‍ക്ക് പ്രതീക്ഷയും ആശ്വാസവുമാവുകയാണ്. സംരക്ഷണ കേന്ദ്രം നിലവില്‍ വന്നതുമുതല്‍ ഓരോ വര്‍ഷവും ലഭ്യതയനുസരിച്ച് 100 മുതല്‍ 120 വരെ ആടുകളെ കര്‍ഷകര്‍ക്കായി വിതരണം ചെയ്യുന്നുണ്ട്.
1992ലാണ് പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മലബാറി ഇനം ആടുകളുടെ തനിമ നിലനിര്‍ത്തിക്കൊണ്ടുളള സംരക്ഷണത്തിനായി ഒരു കേന്ദ്രം ആരംഭിച്ചത്. ഒരു കാലത്ത് നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ ധാരാളം കണ്ടിരുന്ന മലബാറി ആടുകളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പുതിയൊരു പദ്ധതിയെക്കുറിച്ച് കാര്‍ഷിക ഗവേഷണ കേന്ദ്രം ആലോചിക്കുന്നത്.
മലബാറിലെ പ്രത്യേക സാഹചര്യങ്ങളില്‍ ജീവിച്ചുവളര്‍ന്നതും ഏതുകാലാവസ്ഥയേയും അതീജിവിക്കാന്‍ കഴിയുന്നതും, പ്രതിരോധശേഷിയിലും ഗുണനിലവാരത്തിലും ഉന്നതനിലവാരം
)പുലര്‍ത്തുന്നതുമായ മലബാറി ആടുകളുടെ തനത് ഗുണങ്ങള്‍ അതേപടി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ആരംഭിച്ചത്. ആടുകളുടെ പ്രജനനം, വിതരണം എന്നിങ്ങനെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍കൂടി ഏറ്റെടുത്ത് കേന്ദ്രം കാര്‍ഷിക മേഖലക്ക് പുതിയമുതല്‍ക്കൂട്ടാവുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും പ്രത്യേകിച്ച് തലശ്ശേരി വടകര എന്നീ പ്രദേശങ്ങളിലും വ്യാപകമായി കണ്ടു വരുന്ന ഇനമാണ് മലബാറി ആടുകള്‍. പൊതുവെ ഇറച്ചിക്കും പാലിനുമായി ഉപയോഗിക്കുന്ന ഇവ കര്‍ഷകരുമായി പെട്ടെന്ന് ഇണങ്ങുന്നു. പ്രായപൂര്‍ത്തിയായ ആടിന് ശരാശരി 30 – 35, മുതല്‍ 45-50 വരെ കിലോ തൂക്കം വരും. പൊതുവെ ചുവപ്പ്, കറുപ്പ്, വെളുപ്പ് തവിട്ട് എന്നീ നിറങ്ങളിലും സമ്മിശ്ര നിറങ്ങളിലും മലബാറി ആടുകളെ കാണാം. നീളം കൂടിയ ചെവികളുളള ഇവക്ക് ശരീരമാകെ ഇടതൂര്‍ന്ന് രോമവുമുണ്ടാവും.
വിദേശത്തുനിന്ന് കൊണ്ടുവന്ന സങ്കരയിനം ആടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ പരിതസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായവയാണ് മലബാറി ആട് എട്ട്-പത്ത് മാസമാവുമ്പോഴേക്കും പ്രായപൂര്‍ത്തിയാവും. ആദ്യത്തെ ഗര്‍ഭധാരണത്തിന് 13 മുതല്‍ 15 മാസം വരെ സമയമെടുക്കും. എന്നാല്‍ തുടര്‍ന്ന് 8 മുതല്‍ 9 വരെയുളള മാസങ്ങള്‍ ഇടവിട്ട് ഗര്‍ഭധാരണം നടക്കും. പൊതുവെ ഒറ്റ പ്രസവത്തില്‍ രണ്ടിലധികം കുട്ടികളുണ്ടാവും. കൂടുതലും ഇരട്ടക്കുട്ടികള്‍ എന്നത് മലബാറി ഇനത്തിന്റെ സവിശേഷതയാണ്. ദിവസം അര ലിറ്റര്‍ മുതല്‍ ഒരു ലിറ്റര്‍ പാല്‍ വരെ ലഭിക്കും. വ്യത്യസ്തയിനം പുല്ല്, പച്ചിലകള്‍, മരത്തിന്റ ഇലകള്‍ എന്നിവയാണ് ഇഷ്ട ഭക്ഷണം. ഗര്‍ഭകാലത്ത് ഗുണനിലവാരമുളള ഭക്ഷണം നല്‍കുകയാണെങ്കില്‍ കുട്ടികളുടെ വളര്‍ച്ചയിലും ആരോഗ്യത്തിലും ഗുണപരമായ മാറ്റമുണ്ടാകും.
സങ്കരയിനം ആടുകളുടെ ഉദ്പാദനത്തിനായി അമിതപ്രാധാന്യം നല്‍കുമ്പോള്‍, പ്രജനനത്തിനായി ജോഡിയെ തെരഞ്ഞെടുക്കുന്നതിലും മറ്റും ശാസ്ത്രീയ രീതികള്‍ പിന്തുടരാത്തതും, പുതുതായി ഉദ്പാദിപ്പിക്കപ്പെടുന്നവയുടെ പ്രതിരോധശേഷിക്കും ഗുണനിലവാരത്തിനും ഭീഷണിയാവുന്നു. ബ്രീഡിംഗിനും മറ്റുമായി ആടുകളെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് ഇടക്കിടെ കൊണ്ടുപോകുന്നത് ഇവയുടെ പ്രജനനത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ആയുസ്സിനേയും ബാധിക്കുന്നു എന്നാണ് കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസര്‍ കൂടിയായ ഡോ: ശശികാന്ത് പറയുന്നത്.
പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഇന്ന് മലബാറി ഇനത്തില്‍പ്പെട്ട 200 ലധികം ആടുകളാണ് ഉളളത്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും പരിപാലിക്കുന്നതിനാവശ്യമായ ആളുകളുടെ അഭാവവുമാണ് ആടുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുന്നതിനുളള തടസ്സങ്ങള്‍. ഗവേഷണ കേന്ദ്രത്തിലെ സ്ഥിരം തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് യൂണിറ്റിന്റെ ദൈനംദിന പ്രവൃത്തികള്‍ നടത്തിക്കൊണ്ടുപോകുന്നത്. സര്‍വ്വകലാശാലകളും ബന്ധപ്പെട്ട സ്ഥാപനങ്ങളും അനുകൂല സമീപനം കൈക്കൊളളുകയാണെങ്കില്‍ ഈ കേന്ദ്രം സംസ്ഥാത്തിന് തന്നെ മുതല്‍ക്കൂട്ടായ രീതിയില്‍ വളര്‍ന്നുവരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
FLASHNEWS