കമല ഹാരിസിനെ വംശീയമായി അധിക്ഷേപിച്ച്‌ ഡോണാള്‍ഡ് ട്രംപ്

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ വംശീയമായി അധിക്ഷേപിച്ച്‌ ഡോണാള്‍ഡ് ട്രംപ്.കമല ഒരു ഇന്ത്യക്കാരിയാണോ അതോ കറുത്ത വര്‍ഗക്കാരിയാണോ എന്നതായിരുന്നു ട്രംപിന്റെ ചോദ്യം. ബുധനാഴ്ച ചിക്കാഗോയില്‍ നടന്ന നാഷണല്‍ അസോസിയേഷന്‍ ബ്ലാക്ക് ജേര്‍ണലിസ്റ്റ് കണ്‍വെന്‍ഷനിലായിരുന്നു ട്രംപിന്റെ വിവാദമായ പരാമര്‍ശം.

”അവർ എപ്പോഴും ജീവിച്ചിരുന്നത് ഇന്ത്യൻ പൈതൃകത്തിലാണ്. ഇന്ത്യൻ പൈതൃകത്തെയാണ് കമല എപ്പോഴും പിന്തുണച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവർ കറുത്ത വര്‍ഗ്ഗക്കാരിയാവാന്‍ ആഗ്രഹിക്കുന്നു” എന്നിങ്ങനെയായിരുന്നു ട്രംപിന്റെ പരാമർശം.താൻ രണ്ട് പാരമ്ബര്യത്തെയും ബഹുമാനിക്കുന്നയാളാണെന്നും എന്നാല്‍ അവർക്ക് തന്റെ പാരമ്ബര്യത്തില്‍ വ്യക്തതയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എപ്പോഴത്തെയും പോലെ ഭിന്നത ഉണ്ടാക്കുന്നതാണ് ട്രംപിന്റെ വാക്കുകളെന്നും അമേരിക്കൻ ജനത അർഹിക്കുന്നത് വ്യത്യസ്തതകളെ മാനിക്കുന്ന നേതാവിനെയാണെന്നും കമല പ്രതികരിച്ചു.ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു.

ഒരാള്‍ ആരാണെന്നും എങ്ങനെ തിരിച്ചറിയണമെന്നും പറയാന്‍ ആര്‍ക്കും അവകാശമില്ല എന്ന് വൈറ്റ് ഹൗസ് പ്രസിഡന്റ് കരീന്‍ ഡീന്‍ പിയറി പ്രതികരിച്ചു. അയാള്‍ ”വംശീയ ഭൂതകാലത്തിന്റെ അവശിഷ്ടമാണെന്നും”ട്രംപിനെ കറുത്തവരുടെ മധ്യസ്ഥനായി നിയമിച്ചത് ആരാണെന്നും ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റിക് പ്രതിനിധി റിച്ചി ടോറസിന്റെ ചോദിച്ചു.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം നിരവധി ആരോപണങ്ങളാണ് കമലയ്ക്കെതിരെ ട്രംപ് ഉന്നയിച്ചിട്ടുള്ളത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് അവർ കടുത്ത ജൂത വിരുദ്ധയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.

കമല ആന്റി സെമിന്റിക് ആണെന്നും ഗർ‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാൻ പദ്ധതിയിടുന്നു എന്നുമായിരുന്നു ആരോപണങ്ങള്‍. സതേണ്‍ ഫ്ലോറിഡയില്‍ നടന്ന പരിപാടിക്കിടയിലായിരുന്നു ട്രംപിന്റെ ഈ ആരോപണം.ഇതാദ്യമായിട്ടല്ല എതിരാളികള്‍ക്കെതിരെ ട്രംപ് വംശീയ അധിക്ഷേപങ്ങള്‍ നടത്തുന്നത്. യുഎസ് ചരിത്രത്തിലെ ആദ്യ ആഫ്രിക്കൻ- അമേരിക്കൻ പ്രസിഡന്റായ ബറാക് ഒബാമ യുഎസില്‍ ജനിച്ചിട്ടില്ല എന്നായിരുന്നു ട്രംപിന്റെ വാദം. മുൻ യുഎസ് അംബാസിഡർ നിക്കി ഹേലി ജനിക്കുമ്ബോള്‍ അവരുടെ മാതാപിതാക്കള്‍ യുഎസ് പൗരരല്ലാത്തതിനാല്‍ അവർക്ക് പ്രസിഡന്റ് ആകാന്‍ കഴിയില്ല എന്ന തെറ്റായ വിവരം പ്രചരിപ്പിക്കാനും ട്രംപ് ശ്രമിച്ചിരുന്നു.

നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ പ്രസിഡന്റ് ജോ ബൈ‍ഡൻ സ്ഥാനാർത്ഥിത്വം പിൻവലിച്ച സാഹചര്യത്തിലാണ് കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധികരിച്ച്‌ മത്സരത്തില്‍ വരുന്നത്. 40ലേറെ യുഎസ് സ്റ്റേറ്റ്സുകളില്‍ നിന്നുള്ള പാർട്ടി പ്രതിനിധികളുടെ പിന്തുണ കമല നേടിയിട്ടുണ്ട്. ഇലക്ഷനുമായി ബന്ധപ്പെട്ട സർവേകളിലും കമലയ്ക്ക് മുൻതൂക്കമുണ്ട്.അതിനിടെ വധശ്രമമുണ്ടായ പെൻസില്‍വേനിയയിലെ ബട്ലർ പട്ടണത്തില്‍ റാലി സംഘടിപ്പിക്കാനൊരുങ്ങുകയാണ് ട്രംപ്. കഴിഞ്ഞ 14 നാണ് ഡോണാള്‍ഡ്‌ ട്രംപിനെതിരെ വധശ്രമമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമായതോടെ ഇരുവരും തമ്മിലുള്ള വാക്പോരുകളും കൂടിവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *