ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ചയുണ്ടായ വെടിവയ്പില്‍ 15 പേർ കൊല്ലപ്പെട്ടെന്ന് പോലീസ്. അക്രമികള്‍ അച്ഛനും മകനുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.നാല്‍പ്പതിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ബോണ്ടി കടല്‍തീരത്ത് ജൂതവിഭാഗത്തിൻ്റെ ഹനൂക്ക ആഘോഷത്തിനിടെയാണ് അക്രമമുണ്ടായത്. അക്രമികളിലൊരാള്‍ മരിച്ചു. പിടിയിലായ മറ്റൊരാള്‍ ചികിത്സയിലാണ്.
തീവ്രവാദ ആക്രമണമാണിതെന്നാണ് പോലീസ് പറയുന്നത്.ആയിരത്തിലേറെ ജൂതമത വിശ്വാസികള്‍ ഹനൂക്ക ആഘോഷത്തിനായി ബോണ്ടി ബീച്ചില്‍ ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. അക്രമികളിലൊരാളെ വെടിവച്ച് കൊലപ്പെടുത്തി. രണ്ടാമന് വെടിയേറ്റ് ഗുരുതര പരിക്കുകളേറ്റിട്ടുണ്ട്. അതിനിടെ ആയുധ ധാരിയെ ബലപ്രയോഗത്തിലൂടെ ഒരാള്‍ കീഴടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. യഥാർഥധീരനെന്നാണ് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയർ ക്രിസ്റ്റഫർ ജോണ്‍ മിൻസ് ഇയാളെ വിശേഷിപ്പിച്ചത്.

തോക്കുധാരികളായ 50കാരനായ അച്ഛനും 24കാരനായ മകനുമാണ് ആക്രമണം നടത്തിയതെന്നാണ് ന്യൂ സൗത്ത് വെയില്‍സ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്. കൃത്യത്തില്‍ മറ്റാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് നിഗമനം. അക്രമികളെക്കുറിച്ചും ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് കമ്മീഷണർ മാല്‍ ലാൻയോണ്‍ പറഞ്ഞു.
രണ്ട് സജീവമായ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കള്‍ പോലീസ് കണ്ടെത്തിയെന്നും കമ്മീഷണർ പറഞ്ഞു. 50 വയസ്സുള്ള ആള്‍ പോലീസിൻ്റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. 24 വയസ്സുള്ള മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറൻ സിഡ്‌നി പ്രാന്തപ്രദേശങ്ങളായ ബോണിറിഗിലെയും ക്യാമ്ബ്‌സിയിലെയും ഇവരുടെ താമസ സ്ഥലത്ത് സെർച്ച് വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.













