ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി

ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി. ഭരണഘടനയാണ് ഏറ്റവും ഉന്നതതമെന്നും ഹൈക്കോടതി പറഞ്ഞു.ധനമന്ത്രിയായിരിക്കുമ്ബോള്‍ ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയതുവഴി വിദ്യാർഥിനി മുസ്‌ലിം വ്യക്തിനിയമം ലംഘിച്ചെന്നും മുതിർന്ന പെണ്‍കുട്ടി മറ്റൊരു പുരുഷനെ സ്പർശിക്കുന്നതുവഴി വ്യഭിചാരം ചെയ്തെന്നും പരാമർശിച്ച്‌ സമൂഹമാധ്യമത്തിലൂടെ വിഡിയോ പ്രചരിപ്പച്ചതിനെതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.

നിയമ വിദ്യാർഥിനിയുടെ പരാതിയില്‍ കലാപത്തിന് ശ്രമിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കോഴിക്കോട് കുന്നമംഗലം പൊലീസ് തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുല്‍ നൗഷാദ് നല്‍കിയ ഹർജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.

നൂറ്റാണ്ടുകളായുള്ള മതാചാരങ്ങളോട് യോജിപ്പോ വിയോജിപ്പോ കാണിക്കാനുള്ള അവകാശം എല്ലാ പൗരൻമാരുടെയും ഭരണഘടനപരമായ അവകാശമാണെന്നും കോടതി പറഞ്ഞു. ഒരാളുടെ മതപരമായ ആചാരങ്ങള്‍ അയാളുടെ വ്യക്തിപരമായ കാര്യമാണ്. മറ്റൊരാളില്‍ അത് അടിച്ചേല്‍പ്പിക്കാനാവില്ല. മതം വ്യക്തിപരമാണെന്നും ആരേയും നിർബന്ധിക്കാനാവില്ലെന്നും മുസ്‌ലിം മതം തന്നെ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

സമ്മാനം സ്വീകരിക്കുമ്ബോള്‍ ധനമന്ത്രിക്കു കൈകൊടുക്കാൻ പരാതിക്കാരി തീരുമാനിച്ചാല്‍ ഹർജിക്കാരന് അതില്‍ എന്തു കാര്യമെന്നു കോടതി ചോദിച്ചു. മതവിശ്വാസത്തിനുള്ള തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ലംഘിച്ചെന്ന് ആരോപിച്ച്‌ ധീരയായ മുസ്‌ലിം പെണ്‍കുട്ടി മുന്നോട്ടുവന്ന സാഹചര്യത്തില്‍ ഭരണഘടന അവരെ സംരംക്ഷിക്കുമെന്ന് കോടതി വ്യക്തമാക്കി. അവരെ പിന്തുണയ്ക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *