ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിനുള്ള ടീമിനെ തജീന്ദര്‍പാല്‍ സിങ് ടൂര്‍ നയിക്കും

ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിനുള്ള 17 അംഗ ഭാരത ടീമിനെ ഷോട്ട്പുട്ട് താരം തജീന്ദര്‍പാല്‍ സിങ് ടൂര്‍ നയിക്കും.ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ ഭാരത ടീമിനെയും അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എഎഫ്‌ഐ) ഇന്നലെ പ്രഖ്യാപിച്ചു. അടുത്ത മാസം ആറ് മുതല്‍ എട്ട് വരെ ചൈനയിലെ ടിയാന്‍ജിന്‍ നഗരത്തിലാണ് ഇത്തവണത്തെ ചാമ്ബ്യന്‍ഷിപ്പ്.


ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സിന്റെ 12-ാം പതിപ്പാണിത്.ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സില്‍ കഴിഞ്ഞ രണ്ട് തവണയും പുരുഷ ഷോട്ട്പുട്ടില്‍ ജേതാവായ താരമാണ് തജീന്ദര്‍പാല്‍. ആദ്യം കസാഖ്സ്ഥാനിലെ നൂര്‍ സൂല്‍ത്താനിലും കഴിഞ്ഞ തവണ ഇറാനിലെ ടെഹ്‌റാനിലും സ്വര്‍ണം സ്വന്തമാക്കി.2023ല്‍ ഒഡീഷയിലെ ഭൂവനേശ്വറില്‍ സ്ഥാപിച്ച 21.77 മീറ്റര്‍ പ്രകടനം ദേശീയ റിക്കാര്‍ഡ് ആയി ഇപ്പോഴും തജീന്ദറിന്റെ പേരിലാണ്. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് തവണ സ്വര്‍ണനേട്ടം കൊയ്യാനും ഈ പഞ്ചാബുകാരന് സാധിച്ചിട്ടുണ്ട്.


ലോങ് ജംപ് താരം ഷാനവാസ് ഖാനും ട്രിപ്പിള്‍ ജംപിലെ പ്രവീണ്‍ ചിത്രവേലും ഈ വര്‍ഷത്തെ പ്രകടനം ആരംഭിക്കുന്ന മത്സരം കൂടിയാകുകയാണിത്. ഹെപ്റ്റാത്ത്‌ലണില്‍ തേജസ്വിന്‍ ശങ്കര്‍, 60 മീറ്ററില്‍ മണികാന്താ ഹോബ്ലിധാര്‍, വനിതാ സ്പ്രിന്റര്‍മാരായ നിത്യ ഗാണ്ഡെ, അഭിനയ രാജരാജന്‍ എന്നിവരും ടിയാജിനില്‍ മാറ്റുരയ്‌ക്കാനിറങ്ങും.


Sharing is Caring