എൻഎസ്‌യുഐ പരിപാടിയ്ക്കിടെ ഛത്തീസ്ഗഡ് കോൺഗ്രസ് അധ്യക്ഷന്റെ ഫോൺ ‘അടിച്ചുമാറ്റി’

നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യയുടെ നിർണായക സമ്മേളനത്തിനിടയിൽ ഛത്തിസ്ഗഢ് കോൺഗ്രസ് അധ്യക്ഷന്റെ ഫോൺ മോഷ്ടിക്കപ്പെട്ടുവെന്ന് പരാതി. സംസ്ഥാന കോൺഗ്രസ് ആസ്ഥാനത്ത് വെച്ചുതന്നെ നടന്ന പരിപാടിയിൽവെച്ചാണ് അധ്യക്ഷൻ ദീപക് ബൈജിൻ്റെ ഫോൺ മോഷ്ടിക്കപ്പെട്ടത്. പാർട്ടി പ്രതിനിധികൾ മാത്രം പങ്കെടുത്ത പരിപാടിയിൽ വെച്ച് എങ്ങനെ ഫോൺ മോഷ്ടിക്കപ്പെട്ടു എന്നാലോചിച്ച് തല പുകയ്ക്കുകയാണ് പ്രവർത്തകർ.

എൻഎസ്‌യുഐയുടെ പ്രധാന നേതാക്കളും അധ്യക്ഷനും തമ്മിൽ അടച്ചിട്ട ഹാളിൽ ചർച്ച നടക്കവെയാണ് ഫോൺ കാണാതാകുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിയുടെ ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുക്കേണ്ട ഒരു റാലിയുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടന്നുകൊണ്ടിരുന്നത്. ഇതിനിടെ ദീപക് ബൈജിൻ്റെ ഫോൺ ‘അപ്രത്യക്ഷമായി’. സംഭവത്തിൽ ഖംഹർദി പൊലീസ് സ്റ്റേഷനിൽ ദീപക് ബൈജ് പരാതി നൽകി.

സ്വന്തം പാളയത്തിലെ ഫോൺ മോഷണത്തെ ഭരണകക്ഷിയായ ബിജെപി വലിയ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം പാർട്ടി പ്രവർത്തകർക്ക് പോലും താത്പര്യം തോന്നുന്ന തരത്തിൽ എന്താണ് ആ ഫോണിൽ ഉണ്ടായിരുന്നതെന്ന് അധ്യക്ഷൻ വെളിപ്പെടുത്തണമെന്നും, പാർട്ടിയിലെത്തന്നെ കള്ളനെ കണ്ടെത്താൻ സർക്കാർ എല്ലാ സഹായവും നൽകുമെന്നും വനംമന്ത്രി കേദാർ കശ്യപ് പരിഹാസരൂപേണ പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *