എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. രാവിലെ പതിനൊന്നു മണി മുതല്‍ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. ഉച്ചക്ക് ശേഷമാണു ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍. അഞ്ച് ഹീറ്റ്‌സുകളിലായാണ് ചുണ്ടന്‍വള്ളങ്ങളുടെ മത്സരം.
വയനാട് ഉരുള്‍പൊട്ടലിനു പിന്നാലെ വേണ്ടെന്നുവച്ച വള്ളംകളി ഒന്നരമാസം വൈകിയാണ് നടത്തുന്നത്. ഓഗസ്റ്റ് 10നായിരുന്നു വള്ളംകളി നടക്കേണ്ടിയിരുന്നത്. 19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. തുടര്‍ച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും.
നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ശനിയാഴ്ച ആലപ്പുഴ ജില്ലയില്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു. അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി. വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായതിനാല്‍ ശനിയാഴ്ച മാവേലിക്കര താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു.