എഐ സംവിധാനത്തിലൂടെ രോഗിയുടെ ആരോഗ്യസ്ഥിതി വഷളാകുന്നത് 16 മണിക്കൂര്‍ മുന്‍പേ തിരിച്ചറിയാം: പഠനറിപ്പോര്‍ട്ടുമായി ഡോസീ

ഇന്ത്യന്‍ ഹെല്‍ത്ത് എഐ മേഖലയില്‍ സുപ്രധാന മുന്നേറ്റവുമായി ഡോസീ. രോഗിയുടെ ആരോഗ്യനില മോശമാകുന്നത് 16 മണിക്കൂര്‍ മുന്‍പുതന്നെ തിരിച്ചറിയുവാന്‍ സാധിക്കുന്ന എഐ അധിഷ്ഠിത ആരോഗ്യ മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് ഡോസീ പുറത്തുവിട്ടു. ഈ സംവിധാനത്തിന്റെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗികള്‍ക്ക് അടിയന്തിര പരിചരണം നല്‍കാനും ജീവന്‍ രക്ഷിക്കാനും സാധിക്കുന്നു. ഫ്രണ്ടിയേഴ്സ് ഗ്രൂപ്പിന്റെ അന്താരാഷ്ട്ര ജേണലായ ഫ്രണ്ടിയേഴ്സ് ഇന്‍ മെഡിക്കല്‍ ടെക്നോളജിയിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലക്നൗവിലെ കിംഗ് ജോര്‍ജ്ജ്‌സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഈ പഠനം രാജ്യത്തെ തൃതീയ പരിചരണ രംഗത്തെ ഏറ്റവും വലിയ നിരീക്ഷണ പഠനങ്ങളില്‍ ഒന്നാണ്.

2 ദശലക്ഷം ആശുപത്രി കിടക്കകളുള്ള നമ്മുടെ രാജ്യത്ത്, ജനറല്‍ വാര്‍ഡുകളില്‍ കഴിയുന്ന ഏകദേശം 1.9 ദശലക്ഷം രോഗികളെ നിരീക്ഷിക്കുന്നതിനായി നിലവില്‍ മാനുവല്‍ സ്‌പോട്ട് ചെക്കിങ്ങിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, എഐ റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗ് ആന്‍ഡ് എര്‍ളി വാണിംഗ് സംവിധാനത്തിലൂടെ ഡോസീ ഈ മേഖലയില്‍ ഒരു വിപ്ലവകരമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. ഐസിയു സേവനങ്ങളുടെ ചെറിയ ചിലവില്‍ തുടര്‍ച്ചയായ നിരീക്ഷണം നടത്തിക്കൊണ്ട് ലോകോത്തര ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന ഈ സാങ്കേതികവിദ്യ, ആശുപത്രി ശേഷിയുടെ 95 ശതമാനത്തോളം പരിചരണ രീതികളെ മാറ്റിമറിക്കും.

85,000 മണിക്കൂറില്‍ 700-ലധികം രോഗികളെ പഠനവിധേയമാക്കിയ ഈ റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗ് സംവിധാനം, നേരിട്ടുള്ള സമ്പര്‍ക്കമില്ലാതെ തന്നെ രോഗികളുടെ അവസ്ഥ തുടര്‍ച്ചയായി നിരീക്ഷിക്കുകയും കൃത്യ സമയങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നതിലൂടെ, പരമ്പരാഗത രോഗീ നിരീക്ഷണ രീതികളില്‍ ഒരു വിപ്ലവം സൃഷ്ടിക്കാനാണ് ഡോസീ ലക്ഷ്യമിടുന്നത്. രോഗിയുടെ ആരോഗ്യാവസ്ഥ വഷളാകുന്നതിന് 16 മണിക്കൂര്‍ മുമ്പേ മുന്നറിയിപ്പുകള്‍ നല്‍കുന്നതിലൂടെ, ആവശ്യമായ ഇടപെടലുകള്‍ നേരത്തേ തന്നെ നടത്താന്‍ സാധിക്കുന്നതിനൊപ്പം ദിവസം 2.4 മണിക്കൂര്‍ സമയം ലാഭിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നു.

പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍:

ഡോസീയുടെ എര്‍ളി വാണിംഗ് സംവിധാനം രോഗികളുടെ ആരോഗ്യനില വഷളാകുന്നതിന് ഏകദേശം 16 മണിക്കൂര്‍ മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കുന്നു.

തുടര്‍ച്ചയായ നിരീക്ഷണം മുഖേന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു ദിവസത്തെ അവരുടെ ജോലിസമയത്തിന്റെ 10 ശതമാനമായ 2.4 മണിക്കൂര്‍ സമയം ലാഭിക്കാന്‍ കഴിയുന്നു.

ഈ പഠനത്തിന്റെ ഫലങ്ങള്‍ ഞങ്ങള്‍ എപ്പോഴും വിശ്വസിച്ചിരുന്ന കാര്യങ്ങളെ സ്ഥിരീകരിക്കുന്നു. ആരോഗ്യ സംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുകയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയുടെ ശക്തി ഈ യഥാര്‍ത്ഥ ലോക തെളിവുകള്‍ വ്യക്തമാക്കുന്നു,’ ഡോസീയുടെ സിടിഒയും സഹസ്ഥാപകനുമായ ഗൗരവ് പര്‍ച്ചാനി പറഞ്ഞു. ‘ഇത് ഇന്ത്യയുടെ ഒരു പ്രശ്‌നത്തെ മാത്രമല്ല, ആഗോള ആരോഗ്യ സംരക്ഷണ പരിഹാരങ്ങള്‍ക്കും അടിത്തറയിടുന്ന ഒരു പരിപാടിയാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെജിഎംയുവില്‍ നിന്നുള്ള ഡോ. ഹിമാന്‍ഷു ദണ്ഡു, ഡോ. അംബുജ് യാദവ്, ഡോസീയുടെ ക്ലിനിക്കല്‍ റിസര്‍ച്ച് സംഘത്തില്‍ നിന്നുള്ള ഗൗരവ് പര്‍ച്ചാനി, ഡോ. കുമാര്‍ ചൊക്കലിംഗം, പൂജ കടംബി, ഇന്റന്‍സിവിസ്റ്റും മുന്‍ ഐഎസ്സിസിഎം പ്രസിഡന്റുമായ ഡോ. രാജേഷ് മിശ്ര, ഐസിയുവിന്റെയും എമര്‍ജന്‍സിയുടെയും ചുമതലയുള്ള ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അഹ്സിന ജഹാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം പൂര്‍ത്തിയാക്കിയത്. കൂടാതെ, പാരീസ്-സാക്ലേ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ജീന്‍-ലൂയിസ് ടെബൗള്‍, യുകെയിലെ പ്ലിമൗത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഡോ. ജോസ് എം. ലറ്റോര്‍, എന്നിവരുടെ സംഭാവനകളും ഇതിനോടകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഡോസിയുടെ ‘ഹെല്‍ത്ത് എഐ’ ഒരു ദേശീയ തലത്തിലുള്ള നേട്ടത്തേക്കാള്‍ ആഗോളതലത്തില്‍ തന്നെ ഫലപ്രദമായിരിക്കുമെന്നും ഇത് ആഗോള ആരോഗ്യമേഖലയിലെ വിടവുകള്‍ പരിഹരിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ആരോഗ്യസംരക്ഷണത്തെ ഡിജിറ്റൈസ് ചെയ്യുക മാത്രമല്ല, ആഗോളതലത്തില്‍ ഈ സാങ്കേതിക വിദ്യ ഏറ്റെടുക്കാന്‍ തക്കവിധത്തില്‍ ബ്ലൂപ്രിന്റ് ആയി വര്‍ത്തിക്കുകയും ചെയ്യുന്ന ലളിതവും താങ്ങാനാവുന്നതുമായ ഒരു പരിഹാരമാണ് ഡോസിയുടെ സിസ്റ്റം വാഗ്ദാനം ചെയ്യുന്നത് Publication details: doi: 10.3389/fmedt.2024.1436034

Spread the love

Leave a Reply

Your email address will not be published. Required fields are marked *