
ഇന്തോനേഷ്യയിലെ പെര്‍റ്റാമിന മണ്ഡലിക ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന 2024 എഫ്‌ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ മികച്ച പ്രകടനവുമായി ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ റൈഡര്‍മാര്‍. ഏഷ്യാ പ്രൊഡക്ഷന്‍ 250 സിസി ക്ലാസിന്റെ (എപി250 ക്ലാസ്) രണ്ടാം റേസില്‍ കാവിന്‍ ക്വിന്റലും മൊഹ്‌സിന്‍ പറമ്പനുമാണ് മികവ് ആവര്‍ത്തിച്ചത്. യഥാക്രമം 18ാം സ്ഥാനത്തും 23ാം സ്ഥാനത്തുമാണ് ഇരുവരും മത്സരം പൂര്‍ത്തിയാക്കിയത്.
19കാരനായ ചെന്നൈയുടെ കാവിന്‍ ക്വിന്റല്‍ 18:23.701 സമയത്തിലാണ് ഫിനിഷ് ചെയ്തത്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളും ശക്തമായ മത്സരവും ഉണ്ടായിരുന്നിട്ടും യുവതാരത്തിന് മികച്ച പ്രകടനത്തോടെ മത്സരം പൂര്‍ത്തിയാക്കാനായി. 21ാം ഗ്രിഡില്‍ നിന്ന് മത്സരം തുടങ്ങിയ മൊഹ്‌സിന്‍ പറമ്പന്‍ 18:45.987 സെക്കന്‍ഡിലാണ് 23ാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. നിര്‍ഭാഗ്യവശാല്‍, രണ്ട് റൈഡര്‍മാര്‍ക്കും ഈ റൗണ്ടില്‍ ടീമിനായി പോയിന്റുകളൊന്നും നേടാന്‍ കഴിഞ്ഞില്ല. 2024 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ നാല് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ 12 പോയിന്റുകളാണ് ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീമിനുള്ളത്.

