കൊച്ചി: ഉപദ്രവികളായ നായകളെമാത്രമേ കൊല്ലാന്‍ പാടുള്ളുവെന്ന് ചലച്ചിത്രതാരവും അവതാരകയുമായ രഞ്ജിനി ഹരിദാസ്. പേയുള്ള നായകളെ തിരഞ്ഞുപിടിച്ചാണ് കൊല്ലേണ്ടത്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ എല്ലാ നായകളെയും കൊല്ലണമെന്നതരത്തിലുള്ള പ്രചാരണം നടക്കുമ്പോഴാണ് മൃഗസ്‌നേഹികള്‍ പ്രതികരിക്കുന്നത്. എങ്ങിനെയാണ് തെരുവ് നായകള്‍ ഉണ്ടാകുന്നതെന്ന് മനസിലാകണമെന്നും അവര്‍ പറഞ്ഞു.
തെരുവുനായശല്യം ചര്‍ച്ച ചെയ്യാന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത ചര്‍ച്ച അലങ്കോലമായതിനെക്കുറിച്ച് മനോരമ ന്യൂസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്‌നേഹികളെന്ന പേരില്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രതിഷേധിച്ചിരുന്നു.
വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കുണ്ടാകുന്ന നായ്ക്കളുടെ കുഞ്ഞുങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നതുമൂലമാണ് തെരുവ് നായ്ക്കള്‍ ഉണ്ടാകുന്നതെന്ന് രഞ്ജിനി പറഞ്ഞു. തെരുവു നായകളെ കൈകാര്യം ചെയ്യാന്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണം. ഒരു പ്രദേശത്തെ ജൈവവ്യവസ്ഥയില്‍ നായ്ക്കള്‍ വലിയപങ്കുവഹിക്കുന്നുണ്ടെന്ന് രഞ്ജിനി പറഞ്ഞു.