ഇ-ഫയലിംഗ് നിലച്ചു; സെക്രട്ടേറിയറ്റില്‍ ഭരണസ്തംഭനം

രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഫയല്‍ നീക്കം പൂര്‍ണമായി നിലച്ചു. വകുപ്പുകള്‍ക്ക് ഉത്തരവുകളൊന്നും ഇറക്കാന്‍ കഴിയാതെ വന്നതോടെ ഭരണസ്തംഭനത്തിലേക്ക് നീങ്ങി.

പ്രശ്‌നം പരിഹരിക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന് (എന്‍ ഐ സി) ഇതുവരെ കഴിഞ്ഞിട്ടില്ല. ഒന്നരമാസം മുമ്പാണ് ഇ-ഫയലിംഗ് സംവിധാനത്തില്‍ പുനക്രമീകരണം കൊണ്ടുവന്നത്. ഇതോടെ ഭയല്‍ നീക്കം മന്ദഗതിയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ ഇ-ഓഫീസ് പൂര്‍ണമായ് സ്തംഭിച്ചതോടെയാണ് ഫയല്‍ നീക്കം നിലച്ചത്. ഡല്‍ഹിയില്‍ നിന്ന് എന്‍ ഐ സി വിദഗ്ധരെത്തിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനവൂയെന്നാണ് ഇപ്പോള്‍ ഐ ടി വകുപ്പ് പറയുന്നത്.

ഇ-ഫയലുകള്‍ തുറക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയാതായതോടെ ഇ-ഫയലിംഗ് നടപ്പാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണല്‍ ഇന്‍ഫാമാറ്റിക്‌സ് സെന്ററിനെ വിവരമറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്ന് കരുതിയെങ്കിലും രണ്ടു ദിവസമായിട്ടും എന്താണ് പ്രശനമെന്ന് കണ്ടെത്താന്‍ പോലും എന്‍ ഐ സിക്ക് കഴിഞ്ഞില്ല. ഐ ടി സെക്രട്ടറി വിളിച്ച യോഗത്തില്‍ എന്‍ ഐ സി ഉദ്യോഗസ്ഥര്‍ക്ക് പ്രതിസന്ധിയുടെ കാരണം വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണു വിവരം. പൂര്‍ണമായും ഈ ഫയലിലായതിനാല്‍ സമാന്തരമായി കടലാസ് ഫയല്‍ സൃഷ്ടിക്കാനും കഴിയുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *