ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായികമാരായ കായദു ലോഹർ, സംയുക്ത വിശ്വനാഥൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇഷ, താരിണി എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം ഇരുവരും അവതരിപ്പിക്കുന്നത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ദുൽഖർ സൽമാൻ്റെ നായികയായി കായദു ലോഹർ എത്തുമ്പോൾ, ആൻ്റണി വർഗീസിൻ്റെ നായികയായി ആണ് സംയുക്ത വിശ്വനാഥൻ വേഷമിട്ടത്. ചിത്രത്തിൻ്റെ കഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന കഥാപാത്രങ്ങൾക്ക് ആണ് ഇരുവരും ജീവൻ നൽകിയിരിക്കുന്നത്. മികച്ച പ്രകടനം കൊണ്ട് രണ്ട് നായികാ താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. സംയുക്ത വിശ്വനാഥൻ ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയാണ് ഐ ആം ഗെയിം.
ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം യുവാക്കളും കുട്ടികളും കുടുംബ പ്രേക്ഷകരുമടക്കം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ത്രസിപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് ആവേശം സമ്മാനിക്കുന്ന ചിത്രം ആരാധകർക്ക് കയ്യടിക്കാനും ആഘോഷിക്കാനുമുള്ള മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു പക്കാ ഫാൻ്റസി ആക്ഷൻ എൻ്റർടെയ്‌നറാണ്. ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്ത ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയിരിക്കുന്നത്.











