ഇറാന്റെ എണ്ണ അനധികൃതമായി കടത്തുന്നതിനായി ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റിലെ’ കപ്പലുകള്‍ക്കും അവയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കും മേല്‍ അമേരിക്കൻ ഭരണകൂടം കർശനമായ ഉപരോധം ഏർപ്പെടുത്തി.ഇറാന്റെ വരുമാന സ്രോതസ്സുകള്‍ തടയുന്നതിന്റെ ഭാഗമായാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഈ നടപടി.രാജ്യാന്തര ഉപരോധങ്ങള്‍ മറികടന്ന് ഇറാന്റെ പെട്രോളിയം ഉത്പന്നങ്ങള്‍ വിദേശ വിപണികളില്‍ എത്തിക്കാൻ സഹായിക്കുന്ന ഡസൻ കണക്കിന് കപ്പലുകളെയും അവയുടെ ഉടമസ്ഥരെയും ലക്ഷ്യമിട്ടാണ് പുതിയ നടപടി.
ഈ കപ്പലുകള്‍ പലപ്പോഴും പഴയതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണെന്ന് യുഎസ് ആരോപിക്കുന്നു.മധ്യപൂർവേഷ്യയിലെ സായുധ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ഇറാൻ ഈ എണ്ണക്കടത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഭീകരപ്രവർത്തനങ്ങള്‍ക്കും പ്രാദേശിക അസ്ഥിരതയ്ക്കും എതിരെ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമാണിതെന്ന് യുഎസ് വ്യക്തമാക്കി.

ഉപരോധം ഏർപ്പെടുത്തിയതോടെ ഈ കമ്പനികള്‍ക്കും കപ്പലുകള്‍ക്കും അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ കണ്ടുകെട്ടുകയും അമേരിക്കക്കാരുമായോ അമേരിക്കൻ ബാങ്കുകളുമായോ ഇടപാട് നടത്തുന്നതില്‍ നിന്ന് ഇവരെ വിലക്കുകയും ചെയ്യും.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഇറാന്റെ എണ്ണ കയറ്റുമതിയില്‍ പ്രധാന പങ്കുവഹിക്കുന്ന ചൈന അടക്കമുള്ള രാജ്യങ്ങളിലെ കമ്പനികളും ഈ ഉപരോധത്തിന്റെ പരിധിയില്‍ വരുന്നുണ്ട്.ഇറാന്റെ സാമ്പത്തിക അടിത്തറയെ തകർക്കാനും അവരുടെ സൈനിക പ്രവർത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗ് തടയാനുമുള്ള അമേരിക്കയുടെ സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് ഈ ഉപരോധത്തെ അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.












