മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ എംഎൽഎ. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടികാഴ്ച നടത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവെച്ചെന്ന് പിവി അൻവർ ആരോപിച്ചു. മുഖ്യമന്ത്രി അറിയാതിരിക്കാനാണ് പൂഴ്ത്തിവെച്ചതെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.പാർട്ടി ഉത്തരവാദിത്വത്തോടെ ഏൽപ്പിച്ച ജോലി പി. ശശി ചെയ്തില്ല.
പോലീസിലെ പ്രശ്നങ്ങൾ അറിയാനും ഗവർമെന്റിനെ അറിയിക്കാനും ആണ് പൊളിറ്റിക്കൽ സെക്രട്ടറി. പരാതി എഴുതി കൊടുത്തിട്ടില്ല എന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. എഴുതിക്കൊടുക്കാൻ പോകുന്നതേയുള്ളൂവെന്ന് പിവി അൻവർ. പി ശശിയ്ക്കെതിരെ രണ്ട് ദിവസത്തിനകം പാർട്ടി സെക്രട്ടറിക്ക് പരാതി നൽകുമെന്ന് അൻവർ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങൾ എത്തുന്നില്ല. പി ശശിയെന്ന ബാരിക്കേഡിൽ തട്ടി കാര്യങ്ങൾ നിൽക്കുകയാണെന്ന് അൻവർ പറഞ്ഞു. വിശ്വസിക്കുന്നവർ ചതിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല. മുഖ്യമന്ത്രി വിശ്വസിച്ചവരാണ് ചതിച്ചതെന്ന് പിവി അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുന്നത് വരെ ലോകം മുഴുവൻ കുലുങ്ങിയാലും അദ്ദേഹം കുലുങ്ങില്ല. ബോധ്യപ്പെടും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
ഈ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പോലീസിൽ നടത്തിയ ഗൂഢാലോചനയാണ് പറയുന്നതെന്ന് അൻവർ പറഞ്ഞു. പോലീസിലെ ആർഎസ്എസ് സംഘം സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുവെന്ന് അൻവർ ആരോപിച്ചു. ശബരിമല വിഷയത്തിൽ സദീപാനന്ദഗിരി സർക്കാർ എടുത്ത തീരുമാനത്തെ അനുകൂലിച്ച് രംഗത്ത് വന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിന് തീ വെച്ചു. ആശ്രമം കത്തിച്ച കേസ് അന്വേഷണം നടത്തിയ അന്നത്തെ ഡിവൈഎസ്പി ബിജെപിയുടെ ബൂത്ത് ഏജൻ്റ് ആയിരുന്നെന്ന് അൻവർ ആരോപിച്ചു.
ആശ്രമത്തിന് തീ വെച്ച കേസ് അട്ടിമറിച്ചെന്നും അൻവർ പറയുന്നു. ഒരു ആവശ്യവും ഇല്ലാതെ കമ്യുണിസ്റ്റ് നേതാക്കളുടെ സിഡിആർ പോലീസ് പരിശോധിച്ചിട്ടുണ്ട്. ആർഎസ്എസ് നേതാക്കൾക്ക് പങ്കുള്ള കേസിൽ അവരുടെ സിഡിആർ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നും അൻവർ പറഞ്ഞു.