പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തന്റെ മകളെ അഭിജിത് കൊന്നതാണെന്ന് പിതാവ് ശശിധരന്‍ കാണി പറഞ്ഞു. ഭര്‍തൃ മാതാവ് മകളെ അംഗീകരിച്ചിരുന്നില്ല. മകളെ വീട്ടുകാര്‍ പീഡിപ്പിച്ചുവെന്നും പിതാവ് പറയുന്നു.
തന്റെ സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍ ഷിനുവും പ്രതികരിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് അഭിജിതിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ദുജയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു കുടുംബം പോലീസില്‍ പരാതി നല്‍യിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത്. വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് ഇന്നലെ ഉച്ചക്ക് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃ വീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ തങ്ങളെ അറിയിച്ചതായും എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാന്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു.
ഇന്ദുജയെ ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമില്‍ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉച്ചയ്ക്ക് വീട്ടില്‍ ചോറ് കഴിക്കാനായി എത്തിയപ്പോള്‍ ഇന്ദുജയെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണ്ടെന്നായിരുന്നു അഭിജിത് പറഞ്ഞത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. 3 മാസം മുമ്പ് പെണ്‍കുട്ടിയെ അഭിജിത് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തില്‍ വെച്ച് വിവാഹം കഴിച്ച് ഒപ്പം താമസിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സ്വകാര്യ ലാബിലും അഭിജിത് സ്വകാര്യ വാഹന കമ്പനിയിലും ജീവനക്കാരായിരുന്നു












