
ഇന്ത്യ ലോക ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ മൂന്ന് മെഡലുകള്‍ ഉറപ്പാക്കി.ചരിത്രത്തിലാദ്യമായാണ് മൂന്ന് ഇന്ത്യന്‍ പുരുഷ താരങ്ങള്‍ ലോക ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പാക്കുന്നത്.
ദീപക് ഭോരിയ (51 കിലോ), മുഹമ്മദ് ഹുസാമുദ്ദീന്‍ (57 കിലോ), നിഷാന്ത് ദേവ് (71 കിലോ) എന്നിവര്‍ സെമി ഫൈനലില്‍ കടന്നതോടെയാണ് വെങ്കല മെഡലുകള്‍ ഉറപ്പായത്. 2019 ല്‍ മനീഷ് കൗശിക്, അമിത് ഫാംഗല്‍ എന്നിവര്‍ വെങ്കലം നേടിയതായിരുന്നു ഇന്ത്യയുടെ മികച്ച പ്രകടനം. കിര്‍ഗിസ്ഥാന്റെ ദിയുഷെബേവ് നുര്സിഹിതിനെയാണു ദീപക് ഭോരിയ ഇടിച്ചിട്ടത്. 5-0 ത്തിന് ഏകപക്ഷീയമായാണു ദീപക് ഭോരിയയുടെ മുന്നേറ്റം.

വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ഫ്രാന്‍സിന്റെ ബി. ബെന്നാമയെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ ടോക്കിയോ ഒളിമ്ബിക്സിലെ വെങ്കല മെഡല്‍ ജേതാവും 2021 ലെ ലോക ചാമ്ബ്യനുമായ സാകേന് ബിബോസിനോവിനെ അട്ടിമറിക്കാന്‍ ദീപകിനായി. മുഹമ്മദ് ഹുസാമുദ്ദീന്‍ ബള്‍ഗേറിയയുടെ ജി. ഡിയാസ് ഇബാനെസിനെ തോല്‍പ്പിച്ചതോടെ ഇന്ത്യയുടെ രണ്ടാം മെഡല്‍ ഉറച്ചു. 4-3 നാണു മുഹമ്മദ് ഹുസാമുദ്ദീന്റെ ജയം. ഹുസാമുദ്ദീനും ഇബാനെസും ഇഞ്ചോടിഞ്ച്് പോരാടി.
ക്യൂബയുടെ യോര്‍ഗെ കുലാറിനെ 5-0 ത്തിന് ഏകപക്ഷീയമായി ഇടിച്ചിടാന്‍ നിഷാന്ത് ദേവിനായി. യോര്ഗെയ്ക്ക് ഉയരത്തിന്റെ ആനുകൂല്യമുണ്ടായിട്ടും മുതലാക്കാന്‍ കഴിഞ്ഞില്ല. ഏഷ്യന്‍ ചാമ്ബ്യന്‍ കസഖ്സ്ഥാന്റെ അസ്ലാന്ബെക് ഷിംബെര്ഗെനോവിനെയാണു നിഷാന്ത് ദേവ് സെമിയില്‍ നേരിടുക.
2021 ലെ ലോക യൂത്ത് ചാമ്ബ്യന്‍ സച്ചിന് സിവാച് 54 കിലോ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ കസഖ്സ്ഥാന്റെ മഖ്മൂദ് സാബിര്ഖാനോടു തോറ്റു. ആകാശ് സാങ്വാന് (67 കിലോ) കസഖിന്റെ ദുലാത് പെക്ബൗയോവിനോടു തോറ്റു.
