ഇന്ത്യൻ വ്യോമതാവളങ്ങളില്‍ നാശം വിതച്ചതായി പാക് വ്യാജപ്രചാരണം പൊളിഞ്ഞു


n695395314176733540928224ee30a74f611e692f301704422d1f6ae94ba0b7ad2acc6ee4db02b5e63afafe

ഇന്ത്യൻ വ്യോമതാവളങ്ങളില്‍ നാശം വിതച്ചതായി പാക്കിസ്ഥാൻ അനുകൂല സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഫോട്ടോകളും അവകാശവാദങ്ങളും പൂർണമായും വ്യാജം.തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളോടെയാണ് പുതുവത്സര ദിനത്തിലും പാക്കിസ്ഥാൻ അസത്യ പ്രചാരണം നടത്തിയതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി.


പഞ്ചാബിലെ അമൃത്സർ വ്യോമതാവളത്തിലും ബിയാസിലെ ബ്രഹ്മോസ് കേന്ദ്രത്തിലും കഴിഞ്ഞവർഷത്തെ ഓപ്പറേഷൻ സിന്ദൂറിനിടെ നടന്ന ആക്രമണങ്ങള്‍ക്കു മുന്പും ശേഷവുമുള്ള ചിത്രങ്ങളെന്ന പേരിലാണു നിരവധി പാക്കിസ്ഥാൻ അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഇന്നലെ പങ്കിട്ടത്.പാക്കിസ്ഥാന്റെ അവകാശവാദം തീർത്തും തെറ്റാണെന്ന് വ്യാപകമായി ലഭ്യമായ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ സ്വതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടി.

online news portal

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തില്‍ തകർന്നതായി പറയുന്ന അമൃത്സറിലെ വ്യോമകേന്ദ്രത്തിലും ബിയാസിലെ ബ്രഹ്മോസ് കേന്ദ്രത്തിലും കേടുപാടുകളില്ലെന്നും പതിവ് അറ്റകുറ്റപ്പണികള്‍ മാത്രമേയുള്ളൂവെന്നും തെളിയിച്ചാണു പാക് അവകാശവാദങ്ങള്‍ വിദഗ്ധർ പൊളിച്ചത്.പഹല്‍ഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ വർഷം മേയില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറില്‍ പാക്കിസ്ഥാനിലെ ഒന്പത് ഭീകരക്യാന്പുകളും 11 സുപ്രധാന സൈനിക- വ്യോമതാവളങ്ങളും ആക്രമിച്ചത് പാക്കിസ്ഥാനു തിരിച്ചടിയായിരുന്നു.

ഇന്ത്യൻ ആക്രമണങ്ങളില്‍ തകർന്ന പാക് വ്യോമതാവളങ്ങളുടെയും ഭീകരകേന്ദ്രങ്ങളുടെയും മുന്പും ശേഷവുമുള്ള ഫോട്ടോകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇന്ത്യയിലും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു ബദലായി പാക്കിസ്ഥാൻ നടത്തിയ വ്യാജപ്രചാരണങ്ങളുടെ തുടർച്ചയാണ് പുതുവർഷദിനത്തിലും തുടർന്നത്.ഓപ്പറേഷൻ സിന്ദൂറിന്റെ ആഘാതം പാക്കിസ്ഥാൻ സർക്കാർ ആദ്യമായി അംഗീകരിച്ചതിനുശേഷമാണ് പുതിയ വ്യാജ പ്രചാരണം. നൂർ ഖാൻ വ്യോമത്താവളത്തിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ക്ക് ഇന്ത്യൻ ഡ്രോണുകള്‍ കേടുപാടുകള്‍ വരുത്തിയതായി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ പരസ്യമായി സമ്മതിച്ചിരുന്നു.

പാക്കിസ്ഥാന്റെ ഇടത്തരം ഫത്താ മിസൈലുകള്‍ നടത്തിയ ആക്രമണത്തില്‍ അമൃത്സർ വ്യോമസേനാ സ്റ്റേഷനിലെയും ബിയാസ് മേഖലയിലെ ബ്രഹ്മോസ് മിസൈല്‍ സംഭരണകേന്ദ്രത്തിലെയും ഹാംഗറുകള്‍ നശിപ്പിച്ചതായാണ് പാക് അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകള്‍ അവകാശപ്പെട്ടത്.ഓപ്പറേഷൻ സിന്ദൂറില്‍ ഏറ്റ തിരിച്ചടികളില്‍ പുതുവർഷത്തിലും പാക്കിസ്ഥാനികള്‍ നിരാശരാണെന്നു തെളിയിക്കുന്നതാണ് പുതിയ വ്യാജപ്രചാരണമെന്ന് ഇന്റലിജൻസ് വിദഗ്ധൻ അഭിപ്രായപ്പെട്ടു.

സ്ഫോടനത്തിന്റെ അടയാളങ്ങളൊന്നും പാക്കിസ്ഥാൻ പ്രചരിപ്പിച്ചതില്‍ ദൃശ്യമല്ല. ഇന്ത്യൻ വ്യോമകേന്ദ്രത്തിന്റെ നിർമാണത്തിനു മുന്പുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ നാശമായി കാണിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനു പ്രതികരണമായി ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ക്ഷീണത്തില്‍ പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുന്പായാണ് പാക്കിസ്ഥാന്റെ വിഫല ശ്രമങ്ങളെ കാണേണ്ടതെന്ന് പ്രതിരോധവിദഗ്ധനായ യൂസഫ് ഉൻഝവാല പറഞ്ഞു.



Sharing is Caring