ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24 ഭ്രമണപഥത്തിലെത്തി

ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24 ഭ്രമണപഥത്തിലെത്തി. ഉപഗ്രഹത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചതായി അധികൃതൽ അറിയിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് ഫ്രഞ്ച് കമ്പനിയായ അരിയൻ സ്പേസ് ഇന്ന് പുലർച്ചെയാണ് ജിസാറ്റ് 24ന്റെ വിക്ഷേപണം നടത്തിയത്. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ കരാർ ദൗത്യം കൂടിയായിരുന്നു ജിസാറ്റ് 24. ടാറ്റ പ്ലേയ്ക്ക് വേണ്ടി നിർമിച്ച ഉപഗ്രഹത്തിന് നാല് ടൺ ഭാരമുണ്ട്. ടാറ്റ പ്ലേയുടെ ഡിടിഎച്ച് സേവനങ്ങൾക്ക് വേണ്ടിയായിരിക്കും ജിസാറ്റ് 24 ഉപയോഗിക്കുക.

4180 കിലോ ഭാരമുള്ള 24 കെയു ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹം ഇന്ത്യയിലെ ഡിടിഎച്ച് സംവിധാനത്തിന് കൂടുതൽ സഹായകമാകും. ബഹിരാകാശവിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത സർക്കാര‍ിന്റെ കമ്പനിയായ എൻഎസ്ഐഎൽ വിക്ഷേപണം നടത്തുന്ന ആദ്യത്തെ ആശയവിനിമയ ഉപഗ്രഹമാണിത്.

ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വാണിജ്യ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനായി 2019-ലാണ് സെൻട്രൽ പബ്ലിക് സെക്ടർ എൻറർപ്രൈസായി എൻഎസ്ഐഎൽ രൂപീകരിക്കുന്നത്. 2020-ലെ ബഹിരാകാശ നയമാറ്റത്തോടെയാണ് ഐഎസ്ആർയുടെ വിക്ഷേപണ വാഹനങ്ങളിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാറുകൾക്കപ്പുറം ഉപഗ്രഹ നിർമ്മാണ കരാറുകൾ കൂടി ഏറ്റെടുക്കാൻ എൻഎസ്ഐഎല്ലിന് അനുമതി കിട്ടുന്നത്.

ഉപഗ്രഹം നിർമ്മിച്ചു നൽകിയത് ഐഎസ്ആർഒ ആണെങ്കിലും നിയന്ത്രണം പൂർണ്ണമായും എൻഎസ്ഐഎല്ലിനാണ്. പുതിയ നയമനുസരിച്ച് ഐഎസ്ആ‌ർഒയുടെ പത്ത് ഉപഗ്രഹങ്ങൾ കമ്പനി ഏറ്റെടുത്ത് കഴിഞ്ഞു. ജിസാറ്റ് 24 കമ്പനിയുടെ നിയന്ത്രണത്തിൽ വരുന്ന പതിനൊന്നാം ഉപഗ്രഹമാണ്. ടാറ്റ പ്ലേയുടെ ഡിടിഎച്ച് സേവനങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും ഈ ഉപഗ്രഹം ഉപയോഗിക്കുക. ജിസാറ്റ് 24-ന് പിന്നാലെ കൂടുതൽ വാണിജ്യ ദൗത്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണ് എൻഎസ്ഐഎൽ.

You may also like ....

Leave a Reply

Your email address will not be published.